വീണാ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
വീണാ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

ആറന്മുളയിലെ നവജാത ശിശുവിനെ പരിചരിക്കാന്‍ കെയര്‍ ഗിവര്‍; ജീവന്‍ നിലനിര്‍ത്താന്‍ എല്ലാ ശ്രമവും നടത്തുന്നു; ആരോഗ്യമന്ത്രി

ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോള്‍ കുഞ്ഞിന് ജീവന്‍ ഉണ്ടെന്നു കണ്ട് ആ ബക്കറ്റ് എടുത്തു കൊണ്ട് പോലീസ് ഓടുന്ന ദൃശ്യങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ല.
Published on

പത്തനംതിട്ട: ആറന്മുളയിലെ നവജാതശിശുവിന പരിചരിക്കാന്‍ കെയര്‍ ഗിവറിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ നടത്തുന്നുണ്ട്. സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കുഞ്ഞിനാവശ്യമായ ചികിത്സയും പരിചരണവും നല്‍കുന്നുണ്ട്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്നും മന്ത്രി സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി.

പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് തുണിയില്‍ പൊതിഞ്ഞ് ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ ജീവന്‍ രക്ഷിക്കാനായത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനു പിന്നാലെ വീട്ടിലെത്തി കുഞ്ഞിനെ കണ്ടെത്തിയ ചെങ്ങന്നൂര്‍ പൊലീസ്, കുഞ്ഞുമായി ഓടുകയായിരുന്നു.

ാെപാലീസിന്റെ പരിശോധനയ്ക്കിടെ ശുചിമുറിയില്‍നിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. പൊലീസെത്തി നോക്കിയപ്പോള്‍ ബക്കറ്റിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി. പിന്നാലെ ബക്കറ്റുമായി പൊലീസ് സംഘം ഓടി. പൊലീസ് വാഹനത്തില്‍ ആദ്യം ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചു. ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

പത്തനംതിട്ട ആറന്മുളയിലെ വാടകവീട്ടിലെ ശുചിമുറിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. 34 കാരിയാണ് പ്രസവത്തിനു പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇന്നു രാവിലെയാണ് അമിത രക്തസ്രാവവുമായി യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. രാവിലെ വീട്ടില്‍ പ്രസവിച്ചെന്നും കുട്ടിയെ ശുചിമുറിയിലെ ബക്കറ്റിലിട്ടെന്നും ആശുപത്രി ജീവനക്കാരോട് ഇവര്‍ പറഞ്ഞു.ആശുപത്രിയില്‍ നിന്നു ചെങ്ങന്നൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. യുവതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ കുറിപ്പ്

കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്‌നിച്ച പോലീസ് സേനാംഗകള്‍ക്കും അമ്മ പറയുന്നതില്‍ സംശയം തോന്നി പോലീസിനെ സമയോചിതമായി അറിയിച്ച ചെങ്ങന്നൂരിലെ നഴ്സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍. ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോള്‍ കുഞ്ഞിന് ജീവന്‍ ഉണ്ടെന്നു കണ്ട് ആ ബക്കറ്റ് എടുത്തു കൊണ്ട് പോലീസ് ഓടുന്ന ദൃശ്യങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ല.
ഈ കുഞ്ഞിന്റെ മൂത്ത സഹോദരന്‍ 9 വയസുകാരന്റെ വാക്കുകള്‍ ഗൗരവത്തില്‍ എടുത്തത് കൊണ്ടാണ് പോലീസ് ആശുപത്രിയില്‍ നിന്ന് അവര്‍ താമസിച്ച വീട്ടില്‍ എത്തി പരിശോധിച്ചത്. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ നടത്തുന്നുണ്ട്. സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കുഞ്ഞിനാവശ്യമായ ചികിത്സയും പരിചരണവും നല്‍കുന്നുണ്ട്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പ് ഒരു കെയര്‍ ഗിവറിനെ കുഞ്ഞിനോടൊപ്പം നിയോഗിച്ചിട്ടുണ്ട്. ജനിച്ചു വീണത് മുതല്‍ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com