

കോഴിക്കോട്: എലത്തൂരിലെ ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതി പിടിയിലായത് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോൾ. പൊലീസ് എത്തിയതറിഞ്ഞ് പ്രതി ഷഹറൂഖ് സെയ്ഫി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഏജന്‍സികളും ആര്‍പിഎഫും സംയുക്തമായി നടത്തിയ നീക്കമാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ സഹായകമായത്.
കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി. ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. പ്രതിയെ പിടികൂടിയ വിവരം കേരള എടിഎസിനെയും അറിയിച്ചിട്ടുണ്ട്.
പ്രതിയുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റ പരിക്കുകളുണ്ട്. ഇതിനു ചികിത്സ തേടിയപ്പോഴാണ് പിടിയിലാകുന്നതെന്നാണ് വിവരം. പരിക്കേറ്റ പ്രതി കേരളത്തിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ പൊലീസ് വ്യാപക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പ്രതി ഒറ്റയ്ക്കാണോ, മറ്റേതെങ്കിലും സംഘടന ആക്രമണത്തിന് പിന്നിലുണ്ടോ എന്നതെല്ലാം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്.
എലത്തൂരില്‍ വെച്ച് ട്രെയിനില്‍ ആക്രമണം നടത്തിയ ശേഷം അതേ ട്രെയിനില്‍ തന്നെ പ്രതി കണ്ണൂരിലെത്തുന്നു. അവിടെ നിന്നും അന്നു രാത്രി തന്നെ മംഗലാപുരത്തേക്ക് കടക്കുന്നു. തുടര്‍ന്ന് ഉത്തരേന്ത്യയിലേക്ക് കടക്കാനായിരുന്നു ഷാറൂഖ് സെയ്ഫി പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഷാറൂഖ് സെയ്ഫി മുമ്പ് അധികനാള്‍ കേരളത്തില്‍ താമസിച്ചതായിട്ടോ, തങ്ങി ആക്രമണ പദ്ധതി തയ്യാറാക്കിയതായോ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.
ഉത്തരേന്ത്യയില്‍ നിന്നും എത്തി കേരളത്തില്‍ ആക്രമണം നടത്തി തിരിച്ചുപോയി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് എല്ലാ സംസ്ഥാന ഡിജിപിമാരെയും വിവരം അറിയിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രതിക്കായി നിരീക്ഷണവും നടത്തിവരികയായിരുന്നു. പ്രതി ഷാറൂഖ് സെയ്ഫി സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നയാളാണ്. ഇയാളുടെ ഫോട്ടോയും മൊബൈല്‍ നമ്പറുകളും അന്വേഷണസംഘത്തിന് ലഭിച്ചതും കേസില്‍ നിര്‍ണായകമായി. ഈ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഷാറൂഖ് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ എത്തിയതായി കണ്ടെത്തുന്നത്.
ട്രെയിൻ തീവെയ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തിവിട്ടിരുന്നു. ഇത് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിലേക്കും വിവിധ സംസ്ഥാന പൊലീസ് സേനകൾക്കും അയച്ചിരുന്നു. ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിലാണ് സംഭവമുണ്ടായത്. യാത്രക്കാരുടെ ദേഹത്തേക്കു പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുംശേഷം മൂന്നു പേരെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates