ഒരു സന്ദര്‍ശനം കൊണ്ട് അനുഭവങ്ങള്‍ മായ്ച്ചു കളയാനാകില്ല; ബിജെപി നേതാക്കളുടെ സന്ദര്‍ശനം വിജയിക്കുമോയെന്ന് കണ്ടറിയണം; ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെങ്കില്‍ ബിജെപിയും ആര്‍എസ്എസും അത് പരസ്യമായി പറയണം
മുരളീധരന്‍ ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തുന്നു
മുരളീധരന്‍ ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തുന്നു

കോട്ടയം: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭ ആസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുടെ സന്ദര്‍ശനം വിജയിക്കുമോയെന്ന് കണ്ടറിയണമെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍. ഒരു ദിവസത്തെ സന്ദര്‍ശനം കൊണ്ട് ബോധ്യങ്ങളില്‍ മാറ്റം ഉണ്ടാകില്ല. ഒരു സന്ദര്‍ശനം കൊണ്ട് അനുഭവങ്ങള്‍ മായ്ച്ചു കളയാന്‍ സാധിക്കില്ലെന്നും ബസോലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ പറഞ്ഞു. 

ബിജെപി നേതാക്കളുടെ സഭ ആസ്ഥാനങ്ങളിലെ സന്ദര്‍ശനം വോട്ടായി മാറുമോ എന്ന് കാത്തിരുന്ന് കാണണമെന്നും മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ പറഞ്ഞു. ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെങ്കില്‍ ബിജെപിയും ആര്‍എസ്എസും അത് പരസ്യമായി പറയണം. അക്രമങ്ങളെ അപലപിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല. 

അതിനാല്‍ ആക്രമണങ്ങളില്‍ ബിജെപിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന് സംശയിക്കുന്നു. ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ല. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ നിന്ന് കേന്ദ്രം സംരക്ഷണം ഒരുക്കണം. സഭ തര്‍ക്കത്തിലെ നിയമനിര്‍മാണത്തിലെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചുവെന്നും ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പി കെ കൃഷ്ണദാസ്, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ബിഷപ്പിനെ കണ്ടത്. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com