പുനപ്പരിശോധനാ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധി കേസ് ഫുള്‍ ബെഞ്ചിന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th April 2023 01:23 PM |
Last Updated: 12th April 2023 01:23 PM | A+A A- |

മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ഫുള്‍ ബെഞ്ചിനു വിട്ട വിധി ചോദ്യം ചെയ്ത് ഹര്‍ജിക്കാരന്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളി. അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമായ വാദമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയതെന്നും വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ച് വിലയിരുത്തി. കേസ് ഉച്ചയ്ക്കു ശേഷം ഫുള്‍ ബെഞ്ച് പരിഗണിക്കും.
ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യത്തില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് നേരത്തെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നുമാണ് ആര്‍എസ് ശശികുമാര്‍ വാദിച്ചത്.
എന്നാല്‍ ഇത് രണ്ടംഗ ബെഞ്ച് പരിഗണിച്ചില്ല.
ഉച്ചയ്ക്ക് ശേഷം ലോകായുക്തയുടെ ഫുള്‍ ബെഞ്ച് വീണ്ടും പരിഗണിക്കും. ഉപലോകായുക്ത ജസ്റ്റിസ് ബാബുമാത്യു പി ജോസഫ് കൂടി ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം അനുവദിച്ചതും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'അന്വേഷണം ശരിയായ ദിശയില്‍'; സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ