'അന്വേഷണം ശരിയായ ദിശയില്‍'; സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കേസ് അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി
പിണറായി വിജയന്‍, ഹൈക്കോടതി / ഫയല്‍
പിണറായി വിജയന്‍, ഹൈക്കോടതി / ഫയല്‍

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. എച്ച് ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ ആണ് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. 

സ്വര്‍ണക്കടത്തു കേസില്‍ ഇഡിയുടേയും കസ്റ്റംസിന്റേയും അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന വാദത്തിന് തെളിവു ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ഇടപെടേണ്ടതില്ല. കേസ് അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഈ വിഷയം നേരത്തെ തന്നെ രണ്ടു ഡിവിഷന്‍ ബെഞ്ചുകള്‍ പരിഗണിച്ചിരുന്നതാണ്. മാത്രമല്ല ഹര്‍ജിക്കാരന് കേസുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു ഹര്‍ജി നല്‍കാനുള്ള അവകാശം ഹര്‍ജിക്കാരനില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്വര്‍ണ- ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാണ് ഹര്‍ജിക്കാരനായ കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ ആരോപിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com