മറുപടി പറയേണ്ടത് കെൽട്രോൺ; ക്യാമറയുടെ വിലയോ സാങ്കേതിക കാര്യങ്ങളോ മോട്ടോര്‍ വാഹനവകുപ്പിന് അറിയില്ല; ആന്റണി രാജു

2018-ല്‍ ആണ് പദ്ധതി കെല്‍ട്രോണിനെ ഏൽപ്പിക്കുന്നത്. 2021-ല്‍ ആണ് ഞാന്‍ മന്ത്രിയായത്.
ആന്റണി രാജു/ ഫെയ്സ്ബുക്ക് ചിത്രം
ആന്റണി രാജു/ ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം: എഐ ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് കെല്‍ട്രോൺ ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പദ്ധതി തയ്യാറാക്കിയത് മോട്ടോര്‍ വാഹനവകുപ്പല്ല, കെല്‍ട്രോണാണ് ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ചും പറയേണ്ടതെന്നും  അദ്ദേഹം പറഞ്ഞു.

പദ്ധതി തയ്യാറാക്കാനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏൽപ്പിച്ചത്. 2018-ല്‍ ആണ് പദ്ധതി കെല്‍ട്രോണിനെ ഏൽപ്പിക്കുന്നത്. 2021-ല്‍ ആണ് ഞാന്‍ മന്ത്രിയായത്. അതിനു മുന്‍പുതന്നെ ഈ പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നു, ആന്റണി രാജു പറഞ്ഞു.

പദ്ധതിയില്‍ സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടതും കെല്‍ട്രോണ്‍ ആണ്. ക്യാമറയുടെ വിലയേക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും മോട്ടോര്‍ വാഹനവകുപ്പിന് അറിയില്ല. അതുകൊണ്ടാണ് അത് അറിയുന്ന കെല്‍ട്രോണിനെ പദ്ധതി ഏല്‍പിച്ചത്. ഇരുചക്ര വാഹനങ്ങ‌ൾ മൂലമുണ്ടാകുന്ന അപകടങ്ങളാണ് കേരളത്തിലെ 58 ശതമാനം അപകടങ്ങളും. ഈ അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് എഐ ക്യാമറയിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത് സ്ഥാപിച്ചതിനു ശേഷംതന്നെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞിതായും മന്ത്രി പറഞ്ഞു. 

'എങ്ങനെ 232 കോടിയായി'; എഐ ക്യാമറ അടിമുടി അഴിമതി

എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതിയും ദുരൂഹതയും ആരോപിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണെന്നും. റോഡ് സുരഷയുടെ നടുവിൽ നടന്നത് വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കെൽട്രോണിനെ മുൻനിർത്തിയാണ് കള്ളക്കളി നടത്തുന്നത്. ബാം​ഗ്ലൂർ ആസ്ഥാനമായ എസ്ആർഐടി എന്ന കമ്പനിക്കാണ് കെൽട്രോൺ കരാർ നൽകിയത്. കരാർ ഏറ്റെടുത്ത കമ്പനിക്ക് ട്രാഫിക് രം​ഗത്ത മുൻപരിചയമില്ലെന്നും കെൽട്രാൺ സ്വകാര്യ കമ്പനിയെ തെര‍ഞ്ഞെടുത്തത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. ടെണ്ടറിലൂടെയാണ് തെരഞ്ഞടുത്തതെങ്കിൽ അതിനുള്ള നടപടി ക്രമങ്ങൾ പാലിച്ചോയെന്നും ചെന്നിത്തല ചോദിച്ചു.

എസ്ആർഐടി എന്ന കമ്പനി ഇത് വീണ്ടും രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകി, 151.22 കോടിയ്ക്കാണ് എസ്ആർഐടിക്ക് കെൽട്രോൺ കരാർ നൽകിയത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ഒരു കമ്പനിക്കും കോഴിക്കോടെ മലാപ്പറമ്പിലെ കമ്പനിക്കും എസ്ആർഐടി ഉപകരാർ നൽകി. ഇത് രണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്നു ചെന്നിത്തല പറഞ്ഞു. 

ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണ്. 232 കോടി രൂപയുടെ പദ്ധതിയാണെന്നാണ്  സർക്കാരിന്റെ പ്രഖ്യാപനം. കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറിൽ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു. 75 കോടി 151 കോടിയായും പിന്നീട് 232 കോടിയായും മാറുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com