ആ നാണക്കാരിയിൽ നിന്ന് ഇന്നത്തെ ധീരവനിതയിലേക്ക്; കെ കെ ശൈലജയുടെ ആത്മകഥ, ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ വെള്ളിയാഴ്ച്ച പ്രകാശനം ചെയ്യും 

By സമകാലിക മലയാളം ഡെസ്ക്  |   Published: 23rd April 2023 12:01 PM  |  

Last Updated: 23rd April 2023 12:01 PM  |   A+A-   |  

shailaja

കെ കെ ശൈലജ

 

പ്രതീക്ഷിതമായി എത്തിയ നിപ്പ വൈറസിനെയും കോവിഡ് മഹാമാരിയെയും സധൈര്യം നേരിട്ടതിൻ്റെ പേരിലാണ് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ കേരളം ഓർക്കുക. പാർട്ടിയ്ക്കുള്ളിലും ഭരണരംഗത്തും താൻ നേരിട്ട അനുഭവങ്ങൾ തുറന്നെഴുതുന്ന ആത്മകഥ പുറത്തിറക്കുകയാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്നനിലയിൽ എന്റെ ജീവിതം) എന്ന ആത്മകഥ ഡൽഹി കേരളാ ഹൗസിൽ വെള്ളിയാഴ്ച്ച (ഏപ്രിൽ 28) മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

നാണിച്ചുനിന്നിരുന്ന ഒരു പെൺകുട്ടി അധ്യാപികയായതും പിന്നീട് രാഷ്ട്രീയത്തിലേക്ക് രം​ഗപ്രവേശനം ചെയ്തതും മന്ത്രിയെന്ന നിലയിൽ നടത്തിയ സ്തുത്യർഹമായ സേവനവുമെല്ലാം ഉൾക്കൊള്ളിച്ചാണ് ആത്മകഥ ഒരുക്കിയിരിക്കുന്നത്. നിപ്പയും കോവിഡും ധീരതയോടെ നേരിടാൻ ശൈലജയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

തന്റെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതിനെക്കുറിച്ചും ശൈലജയുടെ മുത്തശ്ശിയും അമ്മാവന്മാരും അന്ന് നിലനിന്നിരുന്ന സാമൂഹിക വിപത്തുകൾക്കെതിരെ നടത്തിയ പോരാട്ടത്തെക്കുറിച്ചും ആത്മകഥയിൽ വിശദമായി വിവരിക്കുന്നുണ്ട്. എം കെ കല്യാണിയാണ് ശൈലജയുടെ മുത്തശ്ശി. പൊതുപ്രവർത്തന രം​ഗത്തേക്ക് കടക്കാൻ ശൈലജയ്ക്ക് വലിയ പ്രചോദനം തന്നെയായിരുന്നു അവർ. അക്കാലത്ത് നിലനിന്നിരുന്ന ചില സാമൂഹിക മാനദണ്ഡങ്ങളെ മുത്തശ്ശി സ്വയം ലംഘിച്ചിരുന്നു. പലപ്പോഴും ജാതി വേലിക്കെട്ടുകൾ മറികടന്നിട്ടുണ്ട്. ഇത്തരം വിവരങ്ങളും ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. തന്റെ വ്യക്തിജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെ പല വശങ്ങളെയും സപ്ർശിക്കുന്നതാണ് ആത്മകഥയെന്ന് ശൈലജ പറഞ്ഞു. 

ഇംഗ്ലീഷിൽ തയ്യാറാക്കിയ ആത്മകഥ ഡൽഹിയിലെ ജഗർനെറ്റ് പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിക്കുന്നത്. മലയാളപരിഭാഷ എഴുത്തുകാരി എസ് സിത്താര തയ്യാറാക്കുന്നുണ്ട്. ആരോഗ്യമന്ത്രിയായ സമയത്ത് പ്രസാധകർ ആവശ്യപ്പെട്ടതനുസരിച്ചാണ് അനുഭവങ്ങൾ ഇംഗ്ലീഷിൽ തയ്യാറാക്കിയതെന്ന് ശൈലജ പറഞ്ഞു. സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയ മുതിർന്ന സിപിഎം നേതാക്കൾ പ്രകാശന ചടങ്ങിൽ പങ്കെടുക്കും.

ഈ വാർത്ത കൂടി വായിക്കൂ 

ലിഫ്റ്റ് തകരാറിലായിട്ട് ഒരു മാസം, രോ​ഗികളെ ചുമന്ന് തൊഴിലാളികൾ; ദുരവസ്ഥ കാസർകോട് ജനറൽ ആശുപത്രിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ