എസ്ആർഐടിക്ക് ഊരാളുങ്കലുമായി ബന്ധം; എല്ലാം കണ്ണൂരിലെ കറക്ക് കമ്പനി, എഐ ക്യാമറകൾക്ക് ഇതിന്റെ പത്തിലൊന്നു വിലയില്ല: വി ഡി സതീശൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2023 11:27 AM  |  

Last Updated: 24th April 2023 11:27 AM  |   A+A-   |  

vd satheesan

വിഡി സതീശന്‍/ ഫയല്‍

 

തിരുവനന്തപുരം: നികുതി കൊള്ളകൊണ്ട് വീർപ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ ഇടപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി സർക്കാർ നൽകുന്നില്ല. കെൽട്രോണിന്റെ മറുപടി അവ്യക്തമാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രതിവർഷം ആയിരം കോടി രൂപ ജനങ്ങളിൽ നിന്ന് കൊള്ളയടിക്കാൻ പോവുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. 

ഏപ്രിൽ 12ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു മന്ത്രിസഭയിൽ വെച്ച ക്യാബിനറ്റ് നോട്ട് തന്നെ എല്ലാ ഇടപാടുകളും പുറത്തുകൊണ്ടുവരുന്നതാണ്. പത്തു പേജുള്ള ക്യാബിനറ്റ് നോട്ടിൽ കരാറും ഉപകരാറും നൽകിയ കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചിരിക്കുകയാണ്. മന്ത്രിസഭാം​ഗങ്ങൾക്ക് പോലും കമ്പനിയെ കുറിച്ചും ഉപകരാർ എടുത്ത കമ്പനിയെ കുറിച്ചും അറിയില്ല. 

എസ്ആർഐടി കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് സാങ്കേതിക തികവുള്ള ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനം ഇല്ലെന്ന് വ്യക്തമാണ്. ഈ രം​ഗത്തു പ്രവർത്തിച്ച മുൻ പരിജയമില്ല. ഈ കമ്പനി പവർ ബ്രോക്കേഴ്സ് ആണ്. ഇവർ തന്നെയാണ് കെ ഫോണിലുമുള്ളത്. 

സാങ്കേതിക തികവ് വേണ്ട പദ്ധതിക്ക് ടെൻഡർ കൊടുക്കുമ്പോൾ അതിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കണ്ടേ? അത് കെൽട്രോൺ ചെയ്തിട്ടില്ല. 
ഈ കമ്പനിക്ക് സിപിഎമ്മുമായി ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിയുമായി ബന്ധമുണ്ട്. ഊരാളുങ്കലും എസ്ആർഐടിയും ചേർന്ന് വേറൊരു കമ്പനി നേരത്തെ ഉണ്ടാക്കിയിരുന്നു. ഇതെല്ലാം കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനിയാണ്. എല്ലാം വന്നുചേരുന്നത് ഒരൊറ്റ പെട്ടിയിലേക്കാണ്. ഈ കമ്പനിയുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങൾ കൈവശമുണ്ട്. അതെല്ലാം ഓരോന്നായ് പുറത്തുവിടും. 

എഐ ക്യാമറകൾക്ക് ഇതിന്റെ പത്തിലൊന്നു വിലയില്ല. അന്താരാഷ്ട്ര ബ്രാൻഡുള്ള ക്യാമറകൾ വിലകുറവിൽ വാങ്ങാൻ കിട്ടുമ്പോൾ എന്തിനാണ് കെൽട്രോൺ കമ്പോണൻസ് മാത്രം വാങ്ങുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ  പട്ടികയില്‍ പേരില്ല; പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണറും ഇല്ല, ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ