പട്ടികയില്‍ പേരില്ല; പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണറും ഇല്ല, ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങി

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടാവില്ല
പ്രധാനമന്ത്രിയും ​ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിൽ, ഫയൽ/ എക്സ്പ്രസ്
പ്രധാനമന്ത്രിയും ​ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിൽ, ഫയൽ/ എക്സ്പ്രസ്
Updated on
2 min read

കൊച്ചി:രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടാവില്ല.  മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ ​ഗവർണറുടെ പേരില്ല. മോദിയെ സ്വീകരിക്കാനായി ഇന്നലെ വൈകീട്ട് വിമാനത്തിൽ കൊച്ചിയിലെത്തിയ ​ഗവർണർ ഇന്ന് രാവിലെ തലസ്ഥാനത്തേയ്ക്ക് മടങ്ങി. റോഡ്ഷോ ഉൾപ്പെടെ കൊച്ചിയിലെ ചടങ്ങ് അനൗദ്യോ​ഗികമാണെന്ന കാരണത്താലാണ് ​ഗവർണർ മടങ്ങുന്നതെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചിയിൽ എത്തുന്നില്ല. മുഖ്യമന്ത്രിക്കു പകരം സർക്കാർ പ്രതിനിധിയായി മന്ത്രി പി രാജീവ് മോദിയെ സ്വീകരിക്കും. തിരുവനന്തപുരത്ത് എത്തുമ്പോൾ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും ഉണ്ടാകും.

സാധാരണയായി പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് വരുമ്പോൾ മുഖ്യമന്ത്രി സ്വീകരിക്കാൻ വരുന്നത് പതിവാണെന്നും എന്തുകൊണ്ടാണ് പിണറായി വിജയൻ വരാത്തത് എന്ന് അറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.'സാധാരണയായി പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് എത്തുമ്പോൾ മുഖ്യമന്ത്രി സ്വീകരിക്കാൻ പോവുന്നത് പതിവാണ്. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തത് എന്ന് അറിയില്ല? പ്രധാനമന്ത്രി ഏത് പരിപാടിക്ക് വന്നാലും മുഖ്യമന്ത്രി അടക്കമുള്ളവർ എത്താറുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഏത് മന്ത്രി വരുന്നു എന്നത് ഞങ്ങൾക്ക് വിഷയമല്ല. മോദിയുടെ സന്ദർശനം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. മറ്റു കാര്യങ്ങൾ എല്ലാം അപ്രസക്തമാണ്' - സുരേന്ദ്രന്റെ വാക്കുകൾ.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ഇന്ന് വൈകീട്ട് 5നാണ് മോദി എത്തുന്നത്.  5.30നു തേവര ജം‌​ഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ട്ടൺ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണു താമസവും. 

ചൊവ്വാഴ്ച രാവിലെ 9.25ന് കൊച്ചിയിൽനിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചെലവഴിക്കും. ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സർക്കാർ കേരളത്തിൽ പൂർത്തിയാക്കുന്ന 3,200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും. ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനവും നിർവഹിക്കും. 

വന്ദേഭാരതിനു പുറമേ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൊച്ചുവേളി – തിരുവനന്തപുരം – നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയിൽവേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെർമിനൽ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം – ഷൊർണൂർ സെക്‌ഷനിലെ ട്രെയിൻ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. നവീകരിച്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനും ദിണ്ടിഗൽ – പളനി – പൊള്ളാച്ചി വൈദ്യുതീകരിച്ച റെയിൽ‍പാതയും നാടിനു സമർപ്പിക്കും. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ഒരു മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40നു ഗുജറാത്തിലെ സൂറത്തിലേക്കു പോകും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com