ഒരു വന്ദേഭാരത് തന്നിട്ട് വീമ്പു പറയുന്നു, പ്രധാനമന്ത്രി വസ്തുതാവിരുദ്ധ കാര്യങ്ങള്‍ പറയാമോ?; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2023 08:43 PM  |  

Last Updated: 30th April 2023 08:45 PM  |   A+A-   |  

pinarayi_vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍

 

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് രാഷ്ട്രീയ പരിപാടിയില്‍ കേരളത്തെ ഇകഴ്ത്തി കാണിക്കാനാണ് ശ്രമിച്ചത്. ഔദ്യോഗിക പരിപാടിയില്‍ കേരളത്തിലെ വികസന കാര്യങ്ങളെ കുറിച്ച് സത്യം പറഞ്ഞു. പാര്‍ട്ടി പരിപാടിയില്‍ അതിന് എതിരായി പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളം പല കാര്യങ്ങളിലും പുറകിലാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ഇത്തരത്തിലുള്ള ചില വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പറയുമ്പോള്‍ ആളുകള്‍ എങ്ങനെയാണ് അതെടുക്കുക എന്ന് അദ്ദേഹം തന്നെ പരിശോധിക്കേണ്ടതായിരുന്നില്ലെ. 

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കേരളത്തിന് പദ്ധതിയില്ല എന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് പരിശോധിച്ചാണോ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി വസ്തുതാ വിരുദ്ധ കാര്യങ്ങള്‍ പറയാമോ? 

9 വര്‍ഷത്തിനിടെ കേരളത്തിന് പുതുയായി അനുവദിച്ചത് രണ്ട് ട്രെയിനുകള്‍ മാത്രമാണ്. എയിംസ്, റെയില്‍വെ മെഡിക്കല്‍ കോളജ്, കോച്ച് ഫാക്ടറി, ശബരി റെയില്‍ പാത ഇതെല്ലാം കേരളത്തിന്റെ സ്വ്പനമായി നില്‍ക്കുകയാണ്. ഒരു ട്രെയിന്‍ ഇപ്പോള്‍ വന്നു, വന്ദേഭാരത്. നല്ലതുതന്നെ, സ്വാഗതം ചെയ്യാം. പക്ഷേ അതുകൊണ്ട് മറച്ചുവയ്ക്കാവുന്നതാണോ കേരളത്തിനോടുള്ള വിവേചനം? ഒരു വന്ദേഭാരത് തന്നിട്ട് വീമ്പു പറഞ്ഞാല്‍ മതിയോ?, പ്രളയമായാലും, മഹാമാരിയായാലും അര്‍ഹതപ്പെട്ട സഹായങ്ങള്‍ നിഷേധിച്ചില്ലേ? മറ്റു രാജ്യങ്ങളില്‍ നിന്ന് സഹായം വന്നപ്പോള്‍ അത് വിലക്കി.- അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ബിജെപിക്ക് കേരളത്തോട് കൊടിയപക'; ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് എതിരെ സിപിഎം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ