കണ്ണൂര്‍: ഗണപതി മിത്താണെന്ന പരാമര്‍ശത്തിന് എതിരെ തനിക്കെതിരെ നാമജപ ഘോഷയാത്ര സംഘടിപ്പിച്ച എന്‍എസ്എസിനെ വിമര്‍ശിച്ച് നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഇപ്പോള്‍ വിശ്വാസം സംരക്ഷിക്കാന്‍ ഇറങ്ങിയവര്‍ പ്രതിസന്ധി ഘട്ടത്തില്‍ എവിടെയായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. വിശ്വാസികളില്‍ വര്‍ഗീയത കുത്തിവയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ബാലസംഘം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര ഒറ്റതിരിഞ്ഞ് ആക്രമിച്ചാലും കീഴടങ്ങാതെ സത്യം പറയും. കേരളത്തിന്റെ മണ്ണിനെ മലീമസപ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുകയാണ്. വിശ്വാസം സംരക്ഷിക്കാനായി തെരുവില്‍ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകള്‍. എത്ര കുത്തിത്തിരിപ്പുണ്ടാക്കിയാലും കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ വളരില്ല. അക്കാര്യം ഉറപ്പാണ്.- അദ്ദേഹം പറഞ്ഞു.
പാഠപുസ്തകത്തില്‍ ഗാന്ധിയേയും അബ്ദുള്‍ കലാം ആസാദിനേയും പഠിക്കേണ്ട എന്നു പറയുന്നു. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം പഠിച്ചാല്‍ മതിയെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ഈ നാട് തയ്യാറല്ല. എന്തെല്ലാം വില കൊടുക്കേണ്ടിവന്നാലും അത്തരം ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.
വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയത കുത്തിവെച്ച് അതിലൂടെ നേട്ടം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നു. അതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ പറയുന്ന ആളുകളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ എത്രതന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാലും ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല. 
ഞങ്ങള്‍ വിശ്വാസികളുടെ പക്ഷത്താണ്. ഒരു മതവിശ്വാസത്തേയും എതിര്‍ക്കുന്നവരല്ല, എല്ലാ മത വിശ്വാസത്തേയും മാനിക്കുന്നവരാണ് ഞങ്ങള്‍.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
