രണ്ടരമാസം മാത്രം നീണ്ട ദാമ്പത്യബന്ധം, 12 വര്‍ഷം മനസില്‍ കൊണ്ടുനടന്ന പക; മാതാപിതാക്കളുടെ കൊലപാതകം മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതെന്ന് പൊലീസ് 

തിരുവല്ലയില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ അനിലിന്റെ ദാമ്പത്യബന്ധം നീണ്ടുനിന്നത് രണ്ടരമാസം മാത്രമെന്ന് പൊലീസ്
അറസ്റ്റിലായ അനിൽ
അറസ്റ്റിലായ അനിൽ

പത്തനംതിട്ട:  തിരുവല്ലയില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ അനിലിന്റെ ദാമ്പത്യബന്ധം നീണ്ടുനിന്നത് രണ്ടരമാസം മാത്രമെന്ന് പൊലീസ്. ദാമ്പത്യബന്ധം തകര്‍ന്നത് 12 വര്‍ഷം മനസില്‍ കൊണ്ടുനടന്ന അനില്‍ മാതാപിതാക്കളുടെ ജീവനെടുത്ത് പക തീര്‍ക്കുകയായിരുന്നു. 2011 മെയ് 10നായിരുന്നു  കുട്ടനാട് സ്വദേശിനിയുമായി അനിലിന്റെ വിവാഹം. പിതാവ് കൃഷ്ണന്‍കുട്ടി മുന്‍കൈയെടുത്താണ് വിവാഹം നടത്തിയത്. 74 ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ അനിലുമായി പിണങ്ങിപ്പോയി. ദാമ്പത്യം തകര്‍ന്നതിന് കാരണം മാതാപിതാക്കളാണെന്ന് അന്നുമുതല്‍ അനില്‍ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ദാമ്പത്യബന്ധം തകര്‍ന്നതിന്റെ പേരില്‍ ഒട്ടേറെ വഴക്കുകളും നടന്നു. 4 മാസം മുന്‍പ് അനില്‍ പിതാവിനെ വെട്ടാന്‍ വെട്ടുകത്തിയുമായി ഓടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതോടെ മകന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ കൃഷ്ണന്‍കുട്ടിയും ശാരദയും തിക്കപ്പുഴയില്‍ വീട് വാടകയ്ക്ക് എടുത്തു താമസം മാറി. പിന്നീട് കഴിഞ്ഞ ദിവസമാണ് വീണ്ടും കുടുംബവീട്ടിലെത്തിയത്. അത് ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ കാരണമായി. 

മകന്റെ  മനസ്സിലെ പകയുടെ ആഴം വെളിവാക്കുന്നതായിരുന്നു കൊലപാതകമെന്നും പൊലീസ് പറയുന്നു. പിതാവ് കൃഷ്ണന്‍കുട്ടിയുടെ ദേഹത്തുള്ളത് മുപ്പതോളം മുറിവുകളാണ്. അനിലിന്റെ ആക്രമണം തടയുന്നതിനിടയിലാണ് ഇത്രയും മുറിവുണ്ടായതെന്നാണ് പൊലീസ് നിഗമനം. നല്ല ആരോഗ്യവാനായ അനിലിനെ തടയാന്‍ മാത്രം കരുത്തുള്ളയാളല്ല കൃഷ്ണന്‍കുട്ടി. മാതാവ് ശാരദയുടെ കഴുത്ത് ആഴത്തില്‍ മുറിഞ്ഞു. കൊലപാതകം പ്രതി മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചു ചെയ്തതായിട്ടാണ് പൊലീസ് പറയുന്നത്. ഇതിനായി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. അതാണ് കൃത്യത്തിനുപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

കുറെനാള്‍ അടഞ്ഞുകിടന്ന ആശാരിപ്പറമ്പില്‍ വീട്ടിലേക്കു കൃഷ്ണന്‍കുട്ടിയും ശാരദയും എത്തിയത് തിങ്കളാഴ്ചയാണ്. ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ട് ഇരുവരും ആശുപത്രിയിലായിരുന്നു. ഈ സമയത്ത് മകന്‍ അനില്‍ നടുവേദനയ്ക്ക് ചികിത്സയുമായി ആശുപത്രിയിലുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അനില്‍ സഹോദരന്റെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ എത്തിയത്. 

കൃഷ്ണന്‍കുട്ടിയുടെയും ശാരദയുടെയും കുടുംബവീടിന്റെ തൊട്ടുപുറകിലാണ് ഇവരുടെ മൂത്ത മകന്‍ സുനില്‍ വിലയ്ക്കു വാങ്ങിയ വീട്. ഈ വീട്ടിലാണ് അനില്‍ ഒറ്റയ്ക്കു താമസിച്ചിരുന്നത്. മൂന്നടി വീതി മാത്രമുള്ള വഴിയാണ് രണ്ടു വീട്ടിലേക്കും ഉള്ളത്. സമീപത്തുള്ള 2 വീടുകളില്‍ ആരും താമസമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com