'ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ കോട്ടയം കോണ്‍ഗ്രസിനെ കൈവിട്ടു'; രാഷ്ട്രീയമാണ് കാര്യം, സഹതാപമല്ലെന്ന് എംവി ഗോവിന്ദന്‍

പുതുപ്പള്ളി രാഷ്ട്രീയമായി ഇടുതുമുന്നണിക്ക് അനുകൂലമായ മണ്ഡലമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍
എംവി ഗോവിന്ദന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
എംവി ഗോവിന്ദന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

തിരുവനന്തപുരം: ഇടതുമുന്നണിയുടെ വികസനപ്രക്രിയക്ക് തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന ഫലപ്രദമായ തെരഞ്ഞടുപ്പ് പ്രചാരമാണ് പുതുപ്പള്ളിയില്‍ നടത്തുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിനെ നല്ലപോലെ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്. രാഷ്ട്രീയമാണ് കാര്യം, സഹതാപമല്ല. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വേവലാതിയുമില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.

പുതുപ്പള്ളി രാഷ്ട്രീയമായി ഇടുതുമുന്നണിക്ക് അനുകൂലമായ മണ്ഡലമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. എട്ട് പഞ്ചായത്തില്‍ ആറ് പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്. വലിയ രാഷ്ട്രീയ അടിത്തറ ഉണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ സഹതാപതരംഗം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ കോട്ടയം ഇടതുമുന്നണിക്കൊപ്പമായിരുന്നെന്ന് ഓര്‍ക്കണമെന്ന് വാസവന്‍ പറഞ്ഞു. 

വന്‍ ഭൂരിപക്ഷം ഉറപ്പ്

പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2021ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതി വിചാര ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. ഈ സര്‍ക്കാരിനെ ഒന്നുകൂടി തുറന്നുകാണിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ മാറ്റുമെന്ന് സതീശന്‍ പറഞ്ഞു. ആശയപരമായും രാഷ്ട്രീയമായുമാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോലെ യുഡിഎഫ് ഒരുടീമായി തെരഞ്ഞെടുപ്പിനെ നേരിടും. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും സതീശന്‍ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്.  എട്ടിനാണ് വോട്ടെണ്ണല്‍. നിലവിലെ എംഎല്‍എയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ്. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17നാണ്. സൂക്ഷ്മ പരിശോധന പതിനെട്ടിന്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 21 ആണ്.

പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.  ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com