വീണ പല കോടികള്‍ കൈപ്പറ്റി; തുക അറിഞ്ഞാല്‍ കേരളം ഞെട്ടും; വിവരങ്ങള്‍ ഞാന്‍ പുറത്തുവിടുന്നത് ധാര്‍മ്മികമല്ല : കുഴല്‍നാടന്‍

ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണ് കേരളത്തില്‍ നടക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു
മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനം/ ഫെയ്സ്ബുക്ക്
മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനം/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയും എക്‌സാലോജിക് കമ്പനിയും നിലവില്‍ പുറത്തു വന്നതിനേക്കാള്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയ്ക്ക് 1.72 കോടി രൂപ മാത്രമല്ല കിട്ടിയിട്ടുള്ളത്. പുറത്തു വന്നത് ചെറിയ കണക്കുകള്‍ മാത്രമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 

ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്തു വന്നത്. വേറെയും കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടാത്തത് ധാര്‍മ്മികമല്ലാത്തതു കൊണ്ടാണ്. വീണയ്ക്ക് കിട്ടിയ പണത്തിന്റെ യഥാര്‍ത്ഥ തുക അറിഞ്ഞാല്‍ കേരളം ഞെട്ടും. ഒരു കോടി 72 ലക്ഷത്തിന് അപ്പുറം ഒരു പണവും വീണ കൈപ്പറ്റിയിട്ടില്ലെന്ന്, മുഖ്യമന്ത്രിയുടെ മകളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുള്ള സിപിഎമ്മിന് പറയാനാകുമോ എന്ന് മാത്യു കുഴല്‍ നാടന്‍ ചോദിച്ചു. 

വീണയുടേയും കമ്പനിയുടേയും അക്കൗണ്ട് വിവരങ്ങള്‍ എല്ലാം പുറത്തു വിടാന്‍ സിപിഎം തയ്യാറാകണം. കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണ് ചെയ്തത്. 73 ലക്ഷം രൂപ നഷ്ടത്തില്‍ അവസാനിച്ച കമ്പനിക്ക് എങ്ങനെയാണ് പണം ബാക്കി വരുന്നത് എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. 

വീണ എത്ര രൂപ നികുതി അടച്ചോ എന്നതല്ല ചോദ്യം. എത്ര കോടി രൂപ വീണ കൈപ്പറ്റി എന്നുള്ളതാണ് വിഷയം. വീണയുടെ അക്കൗണ്ടില്‍ വന്ന തുകയും ഐജിഎസ്ടിയും പരിശോധിച്ചാല്‍ സത്യമറിയാം. കരിമണല്‍ കമ്പനിക്ക് എന്തിനാണ് സ്‌കൂളുകള്‍ക്കുള്ള സോഫ്റ്റ് വെയര്‍. കരിമണല്‍ കമ്പനിയും വിദ്യാഭ്യാസവും തമ്മില്‍ എന്താണ് ബന്ധമെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. 

മുഖ്യമന്ത്രിയും മകളും നടത്തിയ കൊള്ള അറിഞ്ഞാല്‍ കേരളം ഞെട്ടും. ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണ് കേരളത്തില്‍ നടക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മറ്റു കമ്പനികളില്‍ നിന്ന് വീണയ്ക്ക് പണം കിട്ടിയിട്ടില്ലെന്ന് സിപിഎമ്മിന് പറയാനാകുമോ?. ധാര്‍മ്മികതയുണ്ടെങ്കില്‍ വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ സിപിഎം പുരത്തു വിടണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com