'ഞാനാണല്ലോ തുടങ്ങിവെച്ചത്; മക്കള്‍ രാഷ്ട്രീയക്കാരെല്ലാം ജയിച്ചുവന്നവര്‍': കെ മുരളീധരന്‍

മക്കള്‍ രാഷ്ട്രീയക്കാരൊക്കെ തെരഞ്ഞെടുപ്പില്‍ വോട്ടുകിട്ടി ജയിച്ചുവന്നവരാണെന്ന് കെ മുരളീധരന്‍ എംപി
കെ മുരളീധരന്‍
കെ മുരളീധരന്‍

കോട്ടയം: മക്കള്‍ രാഷ്ട്രീയക്കാരൊക്കെ തെരഞ്ഞെടുപ്പില്‍ വോട്ടുകിട്ടി ജയിച്ചുവന്നവരാണെന്ന് കെ മുരളീധരന്‍ എംപി. താനാണല്ലോ ഇത് തുടങ്ങിവച്ചതെന്നും മുരളീധരന്‍ തമാശരൂപേണ പറഞ്ഞു. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പെട്ടെന്നു കെട്ടിയിറങ്ങിയ ആളല്ല. രാഹുല്‍ ഗാന്ധിയോടൊപ്പം ഇന്ത്യ മുഴുവന്‍ നടന്ന ആളാണ്. അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു. രാഷ്ട്രീയ പാരമ്പര്യത്തില്‍ ചാണ്ടി ഉമ്മന്‍ ഒട്ടും മോശക്കാരനല്ലെന്നും മുരളീധരന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം. ചുരുങ്ങിയത് 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും. യുഡിഎഫ് വികസന വിരോധികളാണെന്ന പ്രചാരണം ചെലവാകില്ല. തൃക്കാക്കരയില്‍ ലിപ്പോകാത്ത പ്രചാരണം പുതുപ്പള്ളിയിലും ചെലവാകില്ല. പുതുപ്പള്ളിയിലെ വിജയത്തിന്റെ ക്രെഡിറ്റ് യുഡിഎഫിനായിരിക്കും. മുന്നണി വിട്ടുപോയ കക്ഷികള്‍ തിരിച്ചുവരണം. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങി വരണം. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍, അക്കാര്യത്തില്‍ തീരുമാനമാകും- അദ്ദേഹം പറഞ്ഞു. 

സെപ്റ്റംബര്‍ ആറാം തീയതി കഴിഞ്ഞാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടു പോകും. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്്‌സഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.

'കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് എന്റെ നിയോജകമണ്ഡലത്തില്‍ ചെയ്യാവുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്രം കേരളത്തോടു തെറ്റായ സമീപനമാണ് സ്വീകരിക്കുന്നത്. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കേരളത്തിലെ എംപിമാര്‍ പരമാവധി വികസനം നടപ്പാക്കുന്നുണ്ട്. ഫണ്ട് പോലും വെട്ടിക്കുറച്ചു. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന മട്ടില്‍ ഞങ്ങളെല്ലാവരും ഇക്കാര്യത്തില്‍ ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്''-മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com