കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ്: എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകാൻ നിർദേശം

By സമകാലിക മലയാളം ഡെസ്ക്   |   Published: 31st August 2023 07:29 AM  |  

Last Updated: 31st August 2023 07:29 AM  |   A+A-   |  

ac_moideen

എസി മൊയ്തീന്‍/ ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇന്നു ഹാജരാകാൻ ആകില്ലെന്ന് മൊയ്തീൻ അറിയിച്ചതിനെ തുടർന്നാണ് ഇഡി പുതിയ നോട്ടീസ് നൽകിയത്. 

ഹാജരാകുമ്പോള്‍ പത്തു വര്‍ഷത്തെ ആദായ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് മൊയ്തീന് ഇഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധിയായതിനാല്‍ ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഹാജരാകുന്നതിന് രണ്ടാഴ്ച സാവകാശം വേണമെന്നും മൊയ്തീന്‍ ഇഡിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് എസി മൊയ്തീൻ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറുന്നതെന്നാണ് ഇഡിയുടെ വിലയിരുത്തൽ. എന്നാൽ തെരഞ്ഞെടുപ്പ് ഇഡിയുടെ വിഷയമല്ല. ഇഡി അന്വേഷിക്കുന്നത് ഒരു സാമ്പത്തിക കേസാണ്. അതിൽ ആവശ്യമുള്ളവരെ ചോദ്യം ചെയ്യാൻ ഇഡിക്ക് അധികാരമുണ്ടെന്നുമാണ്  ഇഡി അധികൃതർ സൂചിപ്പിക്കുന്നത്. 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടിൽ ഉൾപ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെത്തുടര്‍ന്ന് പതിനഞ്ചു കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി വ്യക്തമാക്കി. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു. 

മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.

ബാങ്കില്‍നിന്ന് 150 കോടി രൂപ ബിനാമി ഇടപാടിലൂടെ തട്ടിയെടുത്തെന്ന കേസിലാണ് അന്വേഷണം. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തര ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണ ബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

'സ്ഥലം അളക്കണ്ടേൽ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം'

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ