ഡോക്ടർ ഷഹനയുടെ ആത്മഹത്യ: സുഹൃത്ത് റുവൈസ് അറസ്റ്റിൽ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് റുവൈസിനെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്
ഡോ. ഷഹ്ന, ഡോ. റുവൈസ് / ടിവി ദൃശ്യം
ഡോ. ഷഹ്ന, ഡോ. റുവൈസ് / ടിവി ദൃശ്യം

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ യുവ ഡോക്ടര്‍ ഇ എ റുവൈസ് അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ട് കോടതിയിൽ ഹാജരാക്കും. റുവൈസിനെതിരെ  തെളിവുകൾ ലഭിച്ചതായും അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജ് അറിയിച്ചു. 

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് റുവൈസിനെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ നേതാവായിരുന്നു റുവൈസ്. മൂന്നുമാസമായി അടുത്ത ബന്ധമാണ് റുവൈസും ഷഹനയും തമ്മിലുണ്ടായിരുന്നത്. ബന്ധുക്കൾ തമ്മിൽ സംസാരിക്കുകയും വിവാഹത്തിന് മുന്നോടിയായി വീട് പെയിന്റ് ചെയ്യുന്നതടക്കമുള്ള ജോലികളും ചെയ്തിരുന്നു. ഇതിനുശേഷമാണ് റുവൈസിന്റെ കുടുംബം വിവാഹത്തിൽ നിന്നും പിന്മാറുന്നതെന്നാണ് ഷഹനയുടെ കുടുംബം പറയുന്നത്. 

സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്ന് മരിച്ച ഡോക്ടര്‍ ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. സ്ത്രീധനം കൂടുതല്‍ ചോദിച്ചത് റുവൈസിന്റെ പിതാവാണ്. കഴിയുന്നത്ര നല്‍കാമെന്ന് പറഞ്ഞെങ്കിലും റുവൈസ് വഴങ്ങിയില്ല. പിതാവിനെ ധിക്കരിക്കാന്‍ ആവില്ലെന്ന് റുവൈസ് പറഞ്ഞുവെന്നും  ജാസിം നാസ് പറയുന്നു.

പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞത്. റുവൈസ് തയാറായിരുന്നെങ്കില്‍ രജിസ്റ്റര്‍ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു.

ഷഹ്നയും റുവൈയ്സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറും വേണമെന്നായിരുന്നു റുവൈസിന്റെ വീട്ടുകാരുടെ ആവശ്യം. എന്നാല്‍, അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ഷഹ്നയുടെ ബന്ധുക്കള്‍ അറിയിച്ചു.

എന്നാൽ ഇതു പോരെന്ന് പറഞ്ഞ് റുവൈസും വീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറിയെന്നുമാണ് ആരോപണം. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന വകുപ്പു പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയും റുവൈസിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com