ഗവര്‍ണര്‍ ഗവര്‍ണറായി നില്‍ക്കണം; വിരട്ടിക്കളയാമെന്ന് കരുതേണ്ട; ഇതൊന്നും കേരളത്തില്‍ ഏശില്ല; മുഖ്യമന്ത്രി

വി മുരളീധരനുമായി ആലോചിച്ച് അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റിന് അനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ തയ്യാറായാല്‍ ഇതിനപ്പുറവും സംഭവിക്കും.
പിണറായി വിജയന്‍
പിണറായി വിജയന്‍

കോട്ടയം: ഗവര്‍ണര്‍ ഗവര്‍ണറായി നില്‍ക്കണമെന്നും വിരട്ടിക്കളായമെന്ന കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തോ വലിയ അധികാരം കൈയിലുണ്ടെന്ന് കരുതി എന്തോ അങ്ങ് ചെയ്തുകളയുമെന്ന മട്ടിലാണ് ഭാവങ്ങള്‍. അത് എന്തോ ചില വൈകൃതങ്ങള്‍ മാത്രമാണ്. വിവേകം വേണമെന്നും എന്തിനെയും വെല്ലുവിളിച്ച് കളയാമെന്നും ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ പദവിയുടെ മഹത്വം ആരിഫ് മുഹമ്മദ് ഖാന്‍ കളഞ്ഞുകുളിക്കരുതെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. 

'ഗവര്‍ണര്‍ എന്ന നിലയില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ മറ്റൊരു നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വേണ്ടിയാണ് നിലക്കൊള്ളേണ്ടത്. ഇപ്പോള്‍ വിവാദമായ അദ്ദേഹത്തിന്റെ ഡല്‍ഹി യാത്ര എന്തിനായിരുന്നു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും ചര്‍ച്ചയ്ക്ക് ആയിരുന്നോ?. എതെങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ക്കായിരുന്നോ?. അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്നത് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ്. അത് ഔദ്യോഗിക പരിപാടിയാണോ?. ആര്‍എസ്എസ് എന്നത് അദ്ദേഹത്തിന് നല്ല അംഗീകാരമുള്ള സംഘടനയായിരിക്കും. പക്ഷെ ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ആ പരിപാടിക്കാണോ അദ്ദേഹം പോകേണ്ടത്?. അവിടെ ചെന്ന് അവരെ പ്രീണിപ്പിക്കുന്ന വര്‍ത്തമാനങ്ങളാണ് പറഞ്ഞത്' - മുഖ്യമന്ത്രി പറഞ്ഞു.

എന്തുവിളിച്ചുപറയാവുന്ന സ്ഥാനത്താണോ അദ്ദേഹം ഇരിക്കുന്നത്. ഏതെങ്കിലും ഗവര്‍ണര്‍ക്ക് അനുകരിക്കാവാന്നതാണോ ഇത്. വി മുരളീധരനുമായി ആലോചിച്ച് അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റിന് അനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ തയ്യാറായാല്‍ ഇതിനപ്പുറവും സംഭവിക്കും. അത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ആരിഫ്മുഹമ്മദ് ഖാന്‍ കഴിഞ്ഞാല്‍ നല്ലത്. നിങ്ങളുടെ രാഷ്ട്രീയ ചരിത്രം അവസരവാദത്തിന്റെതാണ്. അതൊന്നും കേരളത്തോട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

നവകേരള സദസ് ധൂര്‍ത്തല്ലെന്ന് രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു. ധൂര്‍ത്ത് നടത്തുന്നത് ആരാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വയം ആലോചിച്ചാല്‍ മതി. പരാതി സ്വീകരിക്കാനല്ല നവകേരള സദസ് പുറപ്പെട്ടതെന്നും ഇതിന്റെ പ്രതിഫലനം ജനങ്ങളിലുണ്ടാകുമെന്നും പിണറായി വിജയന്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്തിന്റെ ഭരണഘടനാതലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ അതിന്റെ പ്രാധാന്യത്തോടെയാണ് നിലപാട് എടുക്കേണ്ടത്. ആ നിലപാടല്ല അദ്ദേഹം എടുത്തുകാണുന്നത്. നല്ല രീതിയില്‍ മറ്റ് ചില കേന്ദ്രങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇടപെടുന്നതാണ് അനുഭവത്തില്‍ കാണുന്നതെന്ന് പിണറായി പറഞ്ഞു. 

'നവകേരള സദസ് ധൂര്‍ത്തല്ല. സദസിന്റെ ഭാഗമായി ആരെയെങ്കിലും പ്രത്യേകം വിളിച്ച് ധൂര്‍ത്ത് നടത്തുന്നുണ്ടെങ്കില്‍ അങ്ങനെ പറയാം. ധൂര്‍ത്ത് ആരാണ് നടത്തുന്നതെന്ന് ഗവര്‍ണര്‍ ആലോചിച്ചാല്‍ മതി. താന്‍ നടത്തുന്നതൊക്കെ ശരിയായ രീതിയിലാണോയെന്ന് അദ്ദേഹം ആലോചിച്ചാല്‍ മതി. അതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ ഗവര്‍ണറാണ്. ആ നിലക്ക് കാര്യങ്ങള്‍ നടക്കട്ടയെന്ന നിലയാണ് സ്വീകരിച്ചത്. പക്ഷെ വ്യക്തിപരമായി കാര്യങ്ങളെല്ലാം ശരിയായ നിലയിലാണോ നടത്തുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാനെന്ന വ്യക്തി പരിശോധിക്കുന്നത് നല്ലതാണ്'

പരാതി സ്വീകരിക്കാനല്ല നവകേരള സദസ് പുറപ്പെട്ടതെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനാണ് എത്തുന്നത്. മന്ത്രി സഭ ആകെ വരുമ്പോള്‍ ഒരുപാട് നിവേദനങ്ങള്‍ ലഭിക്കും. അതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. നവകേരള സദസിന് അതിന്റെതായ ഫലം ഉണ്ടാകും. കേരളത്തിന് രാഷ്ട്രീയമായി ഒന്നിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്ന പ്രശ്‌നമുണ്ട്. യുഡിഎഫ് ബിജെപിയുടെ മനസിനൊപ്പം നില്‍ക്കുകയാണ്. ആ ദൗര്‍ബല്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതൊന്നും ജനങ്ങളെ ബാധിച്ചിട്ടില്ല. ജനങ്ങളാകെ ഒറ്റക്കെട്ടാണ്. അത് തന്നെയാണ് ഇതെല്ലാം പരിഹരിക്കാനാകുമെന്നതിന്റെ കരുത്ത്. സ്വാഭാവികമായും ഇതിന്റെ പ്രതിഫലനം ജനങ്ങളിലുണ്ടാകും. ജനങ്ങളുടെ അഭിപ്രായം തീരെ അവഗണിച്ചുകൊണ്ട് ആര്‍ക്കും മുന്നോട്ടുപോകാനാവില്ലെന്നും പിണറായി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com