ആറു മാസത്തിനകം നടത്തുന്ന തീറാധാരങ്ങള്‍ക്ക് അധിക മുദ്രവില ഒഴിവാക്കും; ഫ്ലാറ്റ് വില ഉയരും

ഫ്ലാറ്റ് / അപ്പാര്‍ട്ട്‌മെന്റ് എന്നിവയ്ക്ക് മുദ്രവില അഞ്ചു ശതമാനം എന്നത് ഏഴു ശതമാനം ആയി വര്‍ധിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഒരു ആധാരം രജിസ്റ്റര്‍ ചെയ്തതിന് ശേഷം ആറു മാസത്തിനകം നടത്തപ്പെടുന്ന തീറാധാരങ്ങള്‍ക്ക് നിലവിലുള്ള അധിക മുദ്രവില നിരക്കുകള്‍ ഒഴിവാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗഹാനുകളും ഗഹാന്‍ ഒഴിവുകുറികളും ഫയല്‍ ചെയ്യുന്നതിന് 100 രൂപ നിരക്കില്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തും. 

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010 ല്‍ നിലവില്‍ വന്നു. അതിനുശേഷം അഞ്ചുതവണ പുതുക്കി. വിപണി വിലയും ന്യായവിലയും തമ്മിലുള്ള അന്തരം നികത്തുന്നതിനായി നിലവിലുള്ള ന്യായവില 20 ശതമാനം കൂട്ടും. വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളില്‍ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ 2020 ല്‍ ഫിനാന്‍സ് ആക്റ്റിലൂടെ നിയമനിര്‍മ്മാണം നടപ്പാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അതുപ്രകാരം വര്‍ധനവ് വരുത്തേണ്ട മേഖലകള്‍ നിര്‍ണ്ണയിക്കാനായി വിശദമായ പഠനം നടത്തി മാനദണ്ഡങ്ങള്‍ കൊണ്ടു വരുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി.

റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ ആഗോളമാന്ദ്യം കണക്കിലെടുത്ത് 2010 ല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിച്ച് ആറുമാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ലാറ്റ് / അപ്പാര്‍ട്ട്‌മെന്റ് എന്നിവയ്ക്ക് മുദ്രവില അഞ്ചുശതമാനം ആയി കുറച്ചിരുന്നു. നിലവിലുള്ള മുദ്രവില കണക്കിലെടുത്ത് അഞ്ചു ശതമാനം എന്നത് ഏഴു ശതമാനം ആയി വര്‍ധിപ്പിച്ച് പുതുക്കി നിശ്ചയിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

സറണ്ടര്‍ ഓഫ് ലീസ് ആധാരങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് ആയിരം രൂപയായി കുറയ്ക്കും. പട്ടയഭൂമിയില്‍ ഈടാക്കുന്ന വാര്‍ഷിക അടിസ്ഥാന ഭൂനികുതി, വാണിജ്യ, വ്യവസായിക ഉപയോഗത്തെ അടിസ്ഥാനമാക്കി പരിഷ്‌കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com