ഇത് വല്ലാത്ത ചെയ്ത്ത്; കൊള്ള, ഇതിലും നല്ലത് പിടിച്ചുപറി; ബജറ്റിനെതിരെ പ്രതിപക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2023 03:18 PM  |  

Last Updated: 03rd February 2023 03:18 PM  |   A+A-   |  

VD_SATHEEESAN

വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു

 

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഒരു തരത്തിലും ബജറ്റിനെ അംഗീകരിക്കാനാവില്ല. തികച്ചും അന്യായമായ കാര്യങ്ങളാണ് ബജറ്റില്‍ പറയുന്നത്. ഇത് നികുതി കൊള്ളയാണെന്നും സര്‍ക്കാര്‍ സാധാരണക്കാരന്റെ പോക്കറ്റടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നികുതി നിര്‍ദേശങ്ങള്‍ ശാസ്ത്രീയവും നീതിയുക്തവുമല്ലെന്നും സതീശന്‍ പറഞ്ഞു. 

സംസ്ഥാന ബജറ്റ് കേരളത്തിന്റെ ധന പ്രതിസന്ധിയെ മറച്ചു വയ്ക്കുകയും നികുതി കൊള്ള നടത്തുകയും ചെയ്യുന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം  600 കോടിയുടെ നികുതി വര്‍ധനവ് ഉണ്ടായ സ്ഥലത്ത് ഇപ്പോള്‍ ഏകദേശം മൂവായിരം കോടിയുടെ നികുതി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന് കൈകടത്താന്‍ പറ്റുന്ന മേഖലകളിലെല്ലാം കടന്നുവന്ന് അശാസ്ത്രീയമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് സതീശന്‍ പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്ന കാലത്ത്, കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ തുടരുന്ന കാലത്ത്, രണ്ട് രൂപ കൂട്ടി സെസ് പിരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.  മദ്യത്തിന് സെസ് കൂട്ടുന്നതിലൂടെ കൂടുതല്‍ ആളുകള്‍ ലഹരിയിലേക്ക് പോകുമെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നും നികുതി പിരിവില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം ചൂണ്ടിക്കാട്ടി വിഡി സതീശന്‍ ആരോപിച്ചു.

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്നതാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ രണ്ടു രൂപ സെസ്  അംഗീകരിക്കാനാകില്ല. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരേ നയമാണ്. ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആറു മാസത്തിനകം നടത്തുന്ന തീറാധാരങ്ങള്‍ക്ക് അധിക മുദ്രവില ഒഴിവാക്കും; ഫ്ലാറ്റ് വില ഉയരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ