വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയെ ഹാജരാക്കാന്‍ നിര്‍ദേശം, യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താന്‍ അന്വേഷണം

കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി
കളമശ്ശേരി മെഡിക്കല്‍ കോളജ്/ ഫയല്‍
കളമശ്ശേരി മെഡിക്കല്‍ കോളജ്/ ഫയല്‍

കൊച്ചി: കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി. കുഞ്ഞിനെ ദത്തെടുത്തത് നിയമവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. കുഞ്ഞിനെ അടിയന്തരമായി ഹാജരാക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി സിഡബ്ല്യുസി ചെയര്‍മാന്‍ കെകെ ഷാജു വ്യക്തമാക്കി. തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കൈവശമാണ് കുട്ടിയുള്ളത്. സംഭവം വിവാദമായതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയി. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. യഥാര്‍ത്ഥ രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സിഡബ്ല്യുസി തീരുമാനം. 

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസ് ഗൗരവപ്പെട്ട വിഷയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം നടന്നത് ഗുരുതരമായ തെറ്റാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ആശുപത്രിയ്ക്ക് പുറമേ പൊലീസും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തെറ്റ് ചെയ്തതായി കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. തുടരന്വേഷണത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ ഉണ്ടായാല്‍ അതിനനുസരിച്ച് ഉത്തരവാദികളായവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'ആശുപത്രി രേഖകള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. ആര്‍ക്ക് വേണ്ടിയാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്, ഇത് ആദ്യത്തെ സംഭവമാണോ, ഇതിന് പിന്നില്‍ അകത്ത് നിന്നും പുറത്തുനിന്നും ആളുകള്‍ ഉണ്ടോ, മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ, ഇതിന് പിന്നില്‍ വലിയ സംഘമുണ്ടോ, കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കൃതമായ അന്വേഷണം നടത്തണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ അടക്കം കണ്ടെത്തുന്നതിന് പൊലീസിന്റെ വിശദമായ അന്വേഷണം ആവശ്യമാണ്'- വീണാ ജോര്‍ജ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രിയിലെ ജീവനക്കാരന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com