വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: ഇടനിലക്കാരനെ തിരിച്ചറിഞ്ഞു; കുഞ്ഞിനെ കൈമാറിയത് ജനിച്ച് ഒരാഴ്ചയ്ക്കകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 09:07 AM  |  

Last Updated: 08th February 2023 09:07 AM  |   A+A-   |  

Medical_College,_Ernakulam

കളമശ്ശേരി മെഡിക്കല്‍ കോളജ്/ ഫയല്‍

 

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇരു കുടുംബവുമായി അടുപ്പമുള്ള വ്യക്തിയാണ് ഇടനിലക്കാരനായതെന്നാണ് വിവരം. ഇയാള്‍ ആശുപത്രിയുമായി ബന്ധമുള്ളയാളല്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ജനിച്ച് ഒരാഴ്ചയ്ക്കകമാണ് കുഞ്ഞിനെ തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയത്. 

കുട്ടിയെ കൈമാറാന്‍ പ്രസവത്തിന് ആഴ്ചകള്‍ക്ക് മുമ്പേ തീരുമാനമെടുത്തിരുന്നു. യഥാര്‍ത്ഥ മാതാപിതാക്കളിലെ പിതാവുമായിട്ടായിരുന്നു ഇടനിലക്കാരനായ വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നത്. തൃപ്പൂണിത്തുറയിലെ ദമ്പതികളെയും ഇയാള്‍ക്ക് അറിയാമായിരുന്നു. 20 വര്‍ഷമായി കുട്ടികളില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ഇവര്‍.

യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കാകട്ടെ കുട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സാഹചര്യവും ഇടനിലക്കാരന്‍ മനസ്സിലാക്കി. ഇതേത്തുടര്‍ന്നാണ് കുട്ടിയുടെ കൈമാറ്റത്തിന് വഴിയൊരുങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയെ കൈമാറ്റവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. 

സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാര്‍ ഇപ്പോഴും ഒളിവിലാണ്. യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനായിരുന്നു അനില്‍കുമാര്‍  ആദ്യ ശ്രമം നടത്തിയത്. ഇത് പരാജയപ്പെട്ടതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന് ശ്രമം തുടങ്ങിയത്. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളുടെ പേര് പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും, മേല്‍വിലാസം തെറ്റായതിനാല്‍ കണ്ടെത്താനായിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബോയ്ഫ്രണ്ടിന് സ്മാര്‍ട്ട്‌ഫോണ്‍ വേണം; വീട്ടമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പ്ലസ് ടു വിദ്യാര്‍ത്ഥിനി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ