ഇന്ധന സെസില്‍ മാറ്റമില്ല; പിരിക്കുന്നത് പ്രത്യേക ഫണ്ടിനായെന്ന് ധനമന്ത്രി

ബജറ്റിന്‍ മുകളില്‍ ഉള്ള ചര്‍ച്ചയില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഇത്രയധികം ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.
കെഎന്‍ ബാലഗോപാല്‍
കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കാതെ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മറുപടി പ്രസംഗം. നികുതി വര്‍ധനയില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. അധിക വിഭവ സമാഹരണത്തില്‍ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, നികുതികള്‍ കുറയ്ക്കാത്തതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

‘‘ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങൾ പറഞ്ഞതു കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങി. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങൾ അവർ കണ്ടില്ല. കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകും. ക്ലിഫ് ഹൗസിൽ പശുത്തൊഴുത്തിന് 42 ലക്ഷം ചെലവഴിച്ചിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ക്ലിഫ് ഹൗസിലെ ചുറ്റുമതിൽ ഉൾപ്പെടെ ആകെ അറ്റകുറ്റപ്പണികൾക്കാണ് 42 ലക്ഷം അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

പിണറായി സർക്കാരിന് അഹങ്കാരമല്ല, ജനഹിത കാര്യങ്ങൾ ചെയ്യാനുള്ള താൽപര്യമാണുള്ളത്. കാടു കാണാതെ മരം മാത്രം കാണുകയാണ് വിമർശകർ. കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. സബ്സിഡികൾ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. പൊതുമേഖല വിറ്റുതുലയ്ക്കുന്ന നിലപാടാണ് അവരുടേത്’’ – അദ്ദേഹം പറഞ്ഞു

സാമ്പത്തികരംഗത്ത് ലോകമാകെ വലിയ പ്രതിസന്ധി ഘട്ടത്തിലാണ്. ഇവിടെ ബജറ്റിന്‍ മുകളില്‍ ഉള്ള ചര്‍ച്ചയില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഇത്രയധികം ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാഷ്ട്രീയമായ ചേരിതിരിവുകള്‍ ഉണ്ടെങ്കിലും പൊതുവില്‍ ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നമുക്ക് കഴിയുമെന്നത് വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഘട്ടമായിരുന്നു ഇത്. എന്നാല്‍ അതുണ്ടായില്ല. 

ലോകത്ത് നടക്കുന്നത് കാണാതെ സംസ്ഥാന സര്‍ക്കാരിനെ മാത്രം വിമര്‍ശിച്ചാല്‍ മതിയോ?. ലോകത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വിദഗ്ധന്‍മാര്‍ പറയുമ്പോള്‍ ഇതൊക്കെ ചുമ്മാ പറയുന്നതാണ്. ഇതൊന്നും കേരളത്തില്‍ വരാന്‍ പോകുന്നില്ല. ഇവിടുത്തെ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുള്ള വളരെ പരിമിതമായി പറയേണ്ടവരാണോ പ്രതിപക്ഷമെന്നും ബാലഗോപാല്‍ ചോദിച്ചു.

സമ്മിശ്രസമ്പദ് വ്യവസ്ഥയുടെ ഭാഗമായാണ് 2008ല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരാതെ വന്നത്. ലീമാന്‍സ് ബാങ്കുപോലും തകര്‍ന്നടിഞ്ഞ ഘട്ടത്തില്‍ പോലും ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. അതുപോകുന്ന നിലയിലേക്ക് കഴിഞ്ഞ ദിവസം കാര്യങ്ങള്‍ വന്നു. ലോകത്തെ സമ്പന്നനായി ഉയര്‍ന്നുവന്ന അദാനിയുടെ ഷെയര്‍മാര്‍ക്കറ്റിലെ ആസ്തി ഇടിയുന്ന സ്ഥിതിയുണ്ടായെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

ഒറ്റപ്പെട്ട കാര്യങ്ങള്‍ മാത്രം കണ്ട് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് ദുഃഖകരമാണ്. 27 ബജറ്റ് പ്രസംഗങ്ങള്‍ കേട്ടുവെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. അതില്‍ ഏറ്റവും ലക്ഷ്യബോധമില്ലാത്ത ബജറ്റാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്രം എല്ലാമേഖലയിലും സംസ്ഥാനത്തിനുള്ള തുക വെട്ടിക്കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കലാണ് കേന്ദ്ര നയം. എന്നാല്‍ അവയെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് ബാലഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com