ജഡ്ജിക്കും കലക്ടര്‍ക്കും വരെ അശ്ലീല കത്തുകളും വ്യാജ ഭീഷണിയും; കത്തെഴുത്ത് അമ്മയ്ക്കും മകനും ആനന്ദം; സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിച്ചു

മൊബൈല്‍ ക്യാമറ ഉപയോഗിച്ച് അയല്‍വീടുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സാജന്റെ പതിവാണെന്ന് അയൽക്കാർ പറയുന്നു
അറസ്റ്റിലായ കൊച്ചു ത്രേസ്യ, സാജന്‍ എന്നിവര്‍/ ടിവി ദൃശ്യം
അറസ്റ്റിലായ കൊച്ചു ത്രേസ്യ, സാജന്‍ എന്നിവര്‍/ ടിവി ദൃശ്യം


കൊല്ലം : കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണിക്കത്തെഴുതിയതിന് പിടിയിലായ അമ്മയും മകനും, ഇത്തരത്തിലുള്ള കത്തെഴുതുന്നതിലൂടെ ആനന്ദം കണ്ടിരുന്നുവെന്ന് പൊലീസ്.  കൊല്ലം മതിലില്‍ പുത്തന്‍പുര സാജന്‍ വില്ലയില്‍ കൊച്ചുത്രേസ്യ (62),  മകന്‍ സാജന്‍ ക്രിസ്റ്റഫര്‍ (34) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. പലര്‍ക്കായി അയക്കാന്‍ വെച്ചിരുന്ന അമ്പതോളം ഭീഷണിക്കത്തുകളും അശ്ലീല കത്തുകളും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. 

ഏഴ് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കലക്ടറേറ്റിലേക്ക് ഭീഷണിക്കത്തയച്ചത് കൊച്ചുത്രേസ്യയുടെ പേരിലാണ്. കൊച്ചുത്രേസ്യയുടെ ഫോണില്‍നിന്ന് കലക്ടര്‍ക്കും ജഡ്ജിക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകളും കണ്ടെടുത്തു. 

വര്‍ഷങ്ങളായി കൊല്ലം കോടതിയിലേക്കും കലക്ടറേറ്റിലേക്കും വരുന്ന വ്യാജ ബോംബ് ഭീഷണിക്കത്തുകളുടെ സൂത്രധാരന്‍ സാജന്‍ ക്രിസ്റ്റഫര്‍ ആണെന്നും പൊലീസ് സൂചിപ്പിച്ചു. സാജനും സുഹൃത്തും ചേര്‍ന്ന് 2014ല്‍ സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങി അശ്ലീലചിത്രങ്ങളും മെസേജുകളും പ്രചരിപ്പിച്ചിരുന്നു. ഇതില്‍ അഞ്ചാലുംമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നടന്നുവരികയാണ്. 

ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വരാറുള്ള സാജന്‍ കോടതിക്കും ജില്ലാ ജഡ്ജിക്കും കലക്ടര്‍ക്കും അശ്ലീല കത്തുകളും വ്യാജ ഭീഷണിക്കത്തുകളും അയച്ചുകൊണ്ടിരുന്നു. ജെ പി എന്ന പേരിലായിരുന്നു കത്തുകള്‍ അയച്ചിരുന്നത്. പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള സാജന്‍, ഏതു കയ്യക്ഷരവും പെട്ടെന്ന് പഠിച്ചെടുക്കും. 2016ല്‍ കലക്ടറേറ്റില്‍ വെച്ച് പരിചയപ്പെട്ട ജിന്‍സന്‍ എന്നയാളുടെ വിലാസവും കയ്യക്ഷരവും ഉപയോഗിച്ചാണ് കലക്ടറേറ്റില്‍ ബോംബു വെച്ചിട്ടുണ്ടെന്ന ഭീഷണിക്കത്ത് അയച്ചത്. 

കലക്ടര്‍ക്ക് പരാതി നല്‍കാന്‍ വന്നതാണെന്ന് പറഞ്ഞ സാജന്‍, എഴുതാനറിയില്ലെന്ന് പറഞ്ഞ് ജിന്‍സനെക്കൊണ്ട് പരാതി എഴുതി വാങ്ങി. തുടര്‍ന്ന് ജിന്‍സന്റെ വണ്ടി നമ്പര്‍ ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ നിന്നും വിലാസം മനസ്സിലാക്കി. ജിന്‍സനെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കണ്ടകാര്യം ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും കലക്ടറേറ്റില്‍ പരിശോധന നടത്തുകയും, ആളുകളെ ഒഴിപ്പിക്കുകയും ചെയ്തപ്പോള്‍ അത് കണ്ടാസ്വദിക്കാനും സാജന്‍ എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ജോലിക്കൊന്നും പോകാത്ത സാജനെക്കൊണ്ട് അയല്‍വീട്ടുകാര്‍ക്കും ശല്യമാണ്. മൊബൈല്‍ ക്യാമറ ഉപയോഗിച്ച് അയല്‍വീടുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാണ്. ഇതുമൂലം പലവീടുകളിലും വെന്റിലേഷനുകള്‍ അടച്ചു വെച്ചിരിക്കുകയാണ്. സ്‌കൂളില്‍ നിന്നു വിരമിച്ച ജീവനക്കാരിയാണ് കൊച്ചുത്രേസ്യ. ഇവര്‍ക്ക് ലഭിക്കുന്ന പെന്‍ഷനാണ് വരുമാനം. കത്തുകള്‍ അയയ്ക്കുന്നതിനുള്ള കവറും സ്റ്റാമ്പും കൊച്ചുത്രേസ്യയാണ് വാങ്ങിക്കൊണ്ടുവന്നിരുന്നതെന്നും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com