'എംഎല്‍എയ്ക്ക് എന്ത് അധികാരം എന്നു ചോദിച്ചു, വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല'; കൂട്ട അവധിയില്‍ എഡിഎമ്മിനെതിരെ കെയു ജനീഷ് കുമാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2023 10:48 AM  |  

Last Updated: 11th February 2023 10:48 AM  |   A+A-   |  

ku_jenish_kumar

കെയു ജനീഷ് കുമാര്‍/ഫെയ്‌സ്ബുക്ക്‌

 

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്രയ്ക്കു പോയതില്‍, എഡിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെയു ജനീഷ് കുമാര്‍ എംഎല്‍എ. ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിക്കുന്നതെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെട്ട തന്നെ അധിക്ഷേപിക്കുന്ന വിധമാണ് എഡിഎം പെരുമാറിയതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും ജനീഷ് കുമാര്‍ അറിയിച്ചു.

ജീവനക്കാര്‍ കൂട്ട അവധിയെടുത്തതില്‍ പരിശോധിക്കാന്‍ എത്തിയ എഡിഎം, എംഎല്‍എയ്ക്കു ഓഫിസില്‍ എത്തി ഹാജര്‍ പരിശോധിക്കാന്‍ അധികാരമുണ്ടോയെന്നാണ് ആരാഞ്ഞതെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. കല്യാണം കൂടലും മരണവീട്ടില്‍ പോവലും മാത്രമല്ല എംഎല്‍എയുടെ പണി. രഹസ്യസ്വഭാവമില്ലാത്ത രേഖകള്‍ പരിശോധിക്കാന്‍ എംഎല്‍എയ്ക്ക് അധികാരമുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതാണെന്നും എംഎല്‍എ പറഞ്ഞു.

വിവരം അന്വേഷിക്കുന്നതിന് താന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എഡിഎം എടുത്തില്ല. ഔദ്യോഗിക ഫോണ്‍ നമ്പറിലേക്ക് എംഎല്‍എ വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്. അധിക്ഷേപം സഹിച്ചു എംഎല്‍എ ആയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കും.

പത്തനംതിട്ടയിലെ ക്വാറി ഉടമയുടെ വണ്ടിയില്‍ ആണ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ടൂര്‍ പോയതെന്നാണ് ്അറിയുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം വേണം. റവന്യൂ മന്ത്രിയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൂട്ട അവധി: ഉല്ലാസയാത്ര സംഘടിപ്പിച്ചത് സ്റ്റാഫ്‌ കൗൺസിൽ, സംഘത്തിൽ തഹസിൽദാരും; കലക്ടർ അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ