'എല്ലാവര്‍ക്കും ഇഷ്ടം വല്ലപ്പോഴും വരുന്ന അങ്കിളിനെ; തന്റേത് കുടുംബത്തിന് നല്ലത് ആഗ്രഹിക്കുന്ന അച്ഛന്റെ സമീപനം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 12:34 PM  |  

Last Updated: 12th February 2023 12:37 PM  |   A+A-   |  

kn_balagopal

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍/ ചിത്രം: ബിപി ദീപു, ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

 

തിരുവനന്തപുരം: സംസ്ഥാനത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണപരമാകണമെന്ന ലക്ഷ്യത്തോടെയാണ് ബജറ്റില്‍ നികുതി വര്‍ധന ഏര്‍പ്പെടുത്തിയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കുറയ്ക്കാന്‍ വേണ്ടി കൊണ്ടുവന്നതല്ല അത്. കുടുംബത്തിന് നല്ലതിന് വേണ്ടി പെരുമാറുന്ന അച്ഛന്റേതിന് സമാനമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും ധനമന്ത്രി പറഞ്ഞു. 

ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തിന്റെ ദ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ബാലഗോപാല്‍. 'എന്നോട് ഒരാള്‍ പറഞ്ഞു. അങ്കിളിനെപ്പോലെ പെരുമാറണം, അച്ഛനെപ്പോലെയല്ല എന്ന്. അങ്കിളാണെങ്കില്‍ വല്ലപ്പോഴും വന്ന് മിഠായി വാങ്ങിക്കൊടുത്താല്‍ മതി. പിള്ളാര്‍ക്ക് വലിയ ഇഷ്ടമാണ്. എന്നാല്‍ അച്ഛനാണെങ്കില്‍ മര്യാദയ്ക്ക് നടക്കണം, അനാവശ്യമായി ചെലവാക്കരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ പറയും. അതുകൊണ്ടു തന്നെ അച്ഛനോടല്ല, അങ്കിളിനോടാണ് കൂടുതല്‍ ഇഷ്ടം'. 

'വാസ്തവത്തില്‍ കുടുംബത്തിന്റെ കാര്യത്തില്‍ രക്ഷകര്‍ത്താവ് എടുക്കുന്ന സമീപനം അന്നേരം ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീട് ശരിയാണെന്ന് ബോധ്യപ്പെടും. ദേശീയപാത അടക്കമുള്ള വികസന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാട് എടുക്കുന്നതു കൊണ്ടാണല്ലോ, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇരട്ടി വേഗത്തില്‍ എത്താന്‍ പാകത്തില്‍ പുതിയ റോഡുകള്‍ വരുന്നത്. ഇത്തരത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുമ്പോള്‍ ജനം സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും' ധനമന്ത്രി പറഞ്ഞു. 

'മദ്യത്തിന്റെ വിലക്കയറ്റം മയക്കുമരുന്നിലേക്ക് ആളുകള്‍ പോകാനിടയാക്കുമെന്ന വിമര്‍ശനം ശരിയല്ല. മദ്യത്തിന്റെ വിലക്കയറ്റം മൂലം മയക്കുമരുന്നിലേക്ക് പോകുന്നത്ര തരത്തിലുള്ള വിലക്കയറ്റം മദ്യത്തിന് വന്നിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി മദ്യത്തിന് വില കൂട്ടിയിട്ടില്ല. എല്ലാസ്ഥലത്തും നികുതി നല്ലപോലെ ഈടാക്കുന്ന ഉത്പന്നമാണ് മദ്യം. വരുമാനം മാത്രമല്ല, കണ്‍ട്രോള്‍ കൂടിയാണ് ലക്ഷ്യമിടുന്നതെന്ന്' മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'വിപ്ലവ ഗവര്‍മെന്റിന്റെ വിജയന്‍ വീരചക്രം അടുത്ത വര്‍ഷം ഇയാള്‍ക്ക് കൊടുക്കണം; ഡോക്ടറേറ്റും'; പരിഹാസവുമായി ജോയ് മാത്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ