

തൃശൂർ: വീട്ടിൽ കവർച്ച നടത്താൻ ശ്രമിച്ച നാടോടിസംഘത്തെ കൈയോടെ പിടികൂടി വീട്ടുകാർ. തൃശൂർ ഒല്ലൂരുള്ള ശ്രീഭവൻ ഹോട്ടലിന്റെ ഉടമ ഗോപാലകൃഷ്ണന്റെ വീട്ടിലാണ് നാടോടിസംഘം അതിക്രമിച്ച് കടന്നത്. പുറത്ത് ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങിനോക്കുമ്പോഴാണ് പറമ്പിന്റെ പല ഭാഗത്തായി നാടോടി സ്ത്രീകളെ കണ്ടത്. ഗർഭിണിയും കൈക്കുഞ്ഞും അടക്കം എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഗോപാലകൃഷ്ണനും ഭാര്യയും അമ്മയും വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം. "കുറച്ച് നാടോടി സ്ത്രീകൾ കറങ്ങിനടക്കുന്നുണ്ട് സൂക്ഷിക്കണമെന്ന് ഒരു ബന്ധു വിളിച്ച് പറഞ്ഞു. പിന്നാലെ ഭാര്യ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മുറ്റത്ത് രണ്ടുപേരെ കണ്ടത്. ഇവർ ഭക്ഷണവും വെള്ളവുമൊക്കെ ആവശ്യപ്പെട്ടു. ഭാര്യയെയും അമ്മയെയും വീടിന് പുറത്തിറക്കാതിരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്റെ മുറിയുടെ പുറത്ത് തമിഴ് സംസാരം കേട്ട് ഞാൻ ഇറങ്ങി വന്നപ്പോഴാണ് പറമ്പിന്റെ പല ഭാഗങ്ങളിലായി ഇവർ നിൽക്കുന്നത് കാണുന്നത്. പോകാൻ പറഞ്ഞിട്ടും ചുറ്റിത്തിരിഞ്ഞ് നിൽക്കുകയായിരുന്നു ഇവർ. ഒടുവിൽ വോക്കിങ് സ്റ്റിക്ക് ഉയർത്തി പേടിപ്പിച്ചപ്പോഴാണ് പോയത്. എല്ലാവരെയും ഇറക്കിവിട്ട് ഗയിറ്റ് അടച്ചതിന് ശേഷം മടങ്ങിവന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സാധനങ്ങൾ എടുത്തുകൊണ്ട് പോയതൊക്കെ കണ്ടത്", ഗോപാലകൃഷ്ണൻ പറഞ്ഞു.
വീടിന്റെ പിൻവശത്ത് പഴയ പാത്രങ്ങളൊക്കെ സൂക്ഷിക്കുന്ന ഒരു മുറിയിൽ നിന്നാണ് മോഷ്ടിച്ചതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഇപ്പോ കുറച്ച് പഴയ പാത്രങ്ങളേ നഷ്ടപ്പെട്ടിട്ടുള്ളു. പക്ഷെ ഇവർ വാതിലും ജനലുമൊക്കെ തള്ളി അകത്തുകയറാൻ നോക്കിയിട്ടുണ്ട്. ഇവരെങ്ങാനും തുറന്നിട്ട വാതിലിലൂടെ അകത്ത് കയറിയിരുന്നെങ്കിൽ എന്റെ അമ്മയേയും ഭാര്യയെയുമായിരിക്കും ആദ്യം ഉപദ്രവിക്കുക. വലിയൊരു അപകടമാണ് ഒഴിവായത്, അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം നടന്നയുടൻ ഗോപാലകൃഷ്ണൻ ഒല്ലൂർ സ്റ്റേഷനിൽ വിളിച്ച് വിവരമറിയിച്ചു. സംഘത്തിലെ അഞ്ച് പേർ ബസ് കയറി തൃശ്ശൂരിലേക്ക് പോയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ വേറെ വഴി തിരിഞ്ഞു പോയെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates