ഇരു വൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു, യുവതിക്ക് രക്ഷകനായി മണികണ്ഠന്‍; മനുഷ്യ സ്‌നേഹത്തിന്റെ പര്യായം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 11:11 AM  |  

Last Updated: 15th February 2023 11:11 AM  |   A+A-   |  

MANIKANDAN

മണികണ്ഠന്‍, മന്ത്രി വീണാ ജോര്‍ജ് പങ്കുവെച്ച ചിത്രം

 

കല്‍പ്പറ്റ: ഇരു വൃക്കകളും തകരാറിലായ യുവതിക്ക് വൃക്ക ദാനം ചെയ്ത് മാതൃകയായി മണികണ്ഠന്‍. സിപിഎം വയനാട് ചീയമ്പം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനാണ് മനുഷ്യ സ്‌നേഹത്തിന്റെ പര്യായമായി മാറിയത്. രണ്ടു കുട്ടികളുടെ ഉമ്മയാണ് യുവതി.

ഡിവൈഎഫ്ഐ നടത്തിയ അവയവദാന കാമ്പയിന്റെ ഭാഗമായി 2014ല്‍ അവയവദാനത്തിന് മണികണ്ഠന്‍ സമ്മതപത്രം നല്‍കിയിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മാസങ്ങള്‍ക്ക് മുമ്പ് വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണോയെന്ന അന്വേഷണത്തോട് മണികണ്ഠന്‍ സമ്മതം അറിയിക്കുകയായിരുന്നു.

ഇരു വൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയ്ക്ക് അവരുടെ അവസ്ഥ മനസിലാക്കി മണികണ്ഠന്‍ വൃക്ക നല്‍കാന്‍ തയ്യാറാവുകയായിരുന്നു. മനുഷ്യ സ്‌നേഹത്തിന്റെ പര്യായമായ മണികണ്ഠന്റെ നന്മ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

കുറിപ്പ്:

രാവിലെ മണികണ്ഠനെ വിളിച്ചു. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്‍. ശസ്ത്രക്രിയ കഴിഞ്ഞിട്ട് പത്ത് ദിവസങ്ങളായിട്ടേയുള്ളൂ. രണ്ട് കുട്ടികളുള്ള ഉമ്മയ്ക്കാണ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ മണികണ്ഠന്‍ വൃക്ക നല്‍കിയത്. ഡിവൈഎഫ്ഐ നടത്തിയ അവയവദാന കാമ്പയിന്റെ ഭാഗമായി 2014ല്‍ അവയവദാനത്തിന് മണികണ്ഠന്‍ സമ്മതപത്രം നല്‍കിയിരുന്നു. 8 വര്‍ഷങ്ങള്‍ക്കിപ്പുറം മാസങ്ങള്‍ക്ക് മുമ്പ് വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണോയെന്ന അന്വേഷണത്തോട് തയ്യാറാണെന്ന് മണികണ്ഠന്‍ പ്രതികരിച്ചു. ഇരു വൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയ്ക്കാണ് അവരുടെ അവസ്ഥ മനസിലാക്കി മണികണ്ഠന്‍ വൃക്ക നല്‍കാന്‍ തയ്യാറായത്. പിന്നീട് നിയമ നടപടികളും മെഡിക്കല്‍ നടപടികളും പൂര്‍ത്തിയാക്കി ശസ്ത്രക്രിയ നടത്തി.
മനുഷ്യ നന്മയുടെ പര്യായമാണ് ഇന്ന് മണികണ്ഠന്‍. സ്വന്തം വൃക്ക നല്‍കാന്‍ മണികണ്ഠനെ പ്രേരിപ്പിച്ചത് ശക്തമായ മനുഷ്യ സ്നേഹമാണ്. മറ്റുള്ളവരെ കരുതാനും ചേര്‍ത്ത് പിടിക്കാനും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് മണികണ്ഠന്‍. സിപിഐ എം വയനാട് ചീയമ്പം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറിയാണ് സഖാവ് മണികണ്ഠന്‍.
മണികണ്ഠനും വൃക്ക സ്വീകരിച്ച ആളും എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാങ്ങാമോഷണക്കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ