ക്ഷേത്രങ്ങളില്‍ രാഷ്ട്രീയത്തിന് ഒരു റോളുമില്ല, ഉത്സവം നടത്തേണ്ടത് ആചാരപരമായി: ഹൈക്കോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ കാവി നിറം ഉപയോഗിക്കണമെന്നു പറയാന്‍ ഭക്തന് ഒരു അവകാശവുമില്ലെന്ന് കോടതി
ഹൈക്കോടതി, ഫയല്‍ ചിത്രം
ഹൈക്കോടതി, ഫയല്‍ ചിത്രം

കൊച്ചി: ക്ഷേത്രോത്സവ നടത്തിപ്പിലോ ആഘോഷങ്ങളിലോ രാഷ്ട്രീയത്തിന് ഒരു റോളുമില്ലെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ്, ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും പിജി അജിത് കുമാറിന്റെയും നിരീക്ഷണം.

ക്ഷേത്രത്തില്‍ കാവി നിറത്തിലുള്ള അലങ്കാരത്തിനു പകരം പല നിറങ്ങള്‍ ഉപയോഗിക്കണമെന്ന് പൊലീസും രാഷ്ട്രീയ നിഷ്പക്ഷമായ അലങ്കാരങ്ങള്‍ വേണമെന്ന് ജില്ലാ കലക്ടറും നിര്‍ദേശിച്ചതിന് എതിരെയുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ കാവി നിറം ഉപയോഗിക്കണമെന്നു പറയാന്‍ ഭക്തന് ഒരു അവകാശവുമില്ലെന്ന് കോടതി വ്യക്തമാക്കി. അതുപോലെ തന്നെ രാഷ്ട്രീയ നിഷ്്പക്ഷമായ അലങ്കാരങ്ങള്‍ വേണമെന്നു നിഷ്‌കര്‍ഷിക്കാന്‍ പൊലീസിനോ ജില്ലാ ഭരണകൂടത്തിനോ കഴിയില്ലെന്നും കോടതി പറഞ്ഞു.

ക്ഷേത്രങ്ങളിലെ ഉത്സവ നടത്തിപ്പില്‍ രാഷ്ട്രീയത്തിനു സ്ഥാനമില്ല. അത് ആചാരപരമായാണ് നടക്കേണ്ടത്. പൊലീസ് നിര്‍ദേശമോ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവോ ക്ഷേത്രത്തിലെ കാളിയൂട്ടു മഹോത്സവം ആചാരപരമായി നടത്തുന്നതിനെ ബാധിക്കരുത്. എന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന ആശങ്ക ദേവസ്വം ബോര്‍ഡിനുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലുണ്ടായ തര്‍ക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിവിധ നിറത്തിലുള്ള അലങ്കാരങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com