കൂട്ട അവധി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി; നടപടിക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ; റിപ്പോര്‍ട്ട് കൈമാറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2023 09:57 AM |
Last Updated: 16th February 2023 10:35 AM | A+A A- |

ദിവ്യ എസ് അയ്യര്‍/ ഫെയ്‌സ്ബുക്ക് ചിത്രം
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയില്‍ നടപടിക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ. ജില്ലാ കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറി. ജീവനക്കാരുടെ കൂട്ടഅവധിയില്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട് റവന്യൂമന്ത്രി പരിശോധിച്ച ശേഷമാകും നടപടി സ്വീകരിക്കുക. കോന്നി താലൂക്ക് ഓഫീസിലെ 40 ഓളം ജീവനക്കാരാണ് വെള്ളിയാഴ്ച ജോലിക്ക് ഹാജരാകാതിരുന്നത്. ഇവരില്‍ പകുതിയോളം പേര്‍ ലീവ് അപേക്ഷ നല്‍കിയിരുന്നു. 19 പേരാണ് മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയത്.
ഇവര്‍ കൃത്യമായി അവധിയെടുത്തശേഷമാണ് ഉല്ലാസയാത്രയ്ക്ക് പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തഹസില്‍ദാര്‍ അടക്കം ജീവനക്കാരെ കലക്ടറേറ്റിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തശേഷമാണ് കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 61 ജീവനക്കാരുള്ള താലൂക്ക് ഓഫീസിലെ 40 ഓളം പേര്‍ കൂട്ടത്തോടെ അവധിയെടുത്തത് ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരുന്നു.
ജീവനക്കാര്‍ കൂട്ട അവധിയെടുത്ത വിവരം അറിഞ്ഞ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ താലൂക്ക് ഓഫീസിലെത്തിയതോടെയാണ് സംഭവം വിവാദമായത്. എംഎല്‍എ താലൂക്ക് ഓഫീസിലെ ഹാജര്‍ബുക്ക് പരിശോധിക്കുകയും, വിവരം മന്ത്രിയെയും റവന്യൂ സെക്രട്ടറി ഉള്‍പ്പെടെയുള്ള അധികാരികളെയും അറിയിക്കുകയായിരുന്നു.
ജീവനക്കാരുടെ കൂട്ട അവധിയില്‍ മാനദണ്ഡം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോന്നിയിലെ കൂട്ട അവധി വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്ക് മുതിരുന്നത്. ജീവനക്കാരുടെ കൂട്ട അവധിയെ വിമര്‍ശിച്ച് സിപിഎമ്മും എന്‍ജിഒ യൂണിയനും വിമര്‍ശിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ