എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകർക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 07:10 PM  |  

Last Updated: 16th February 2023 07:10 PM  |   A+A-   |  

riya

മരിച്ച റിയ/ ടിവി ദൃശ്യം

 

കണ്ണൂർ; എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ പൊലീസ് കേസെടുത്തു. കണ്ണൂർ പെരളശ്ശേരിയിലെ റിയ പ്രവീണിന്റെ മരണത്തിലാണ് എകെജി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് രണ്ടുപേര്‍ക്കും എതിരേ ചുമത്തിയിരിക്കുന്നത്. ചക്കരക്കൽ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

എകെജി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ റിയ പ്രവീണിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. ക്ലാസ് ടീച്ചറായ സോജയ്ക്കും രാഗേഷിനും എതിരെ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്. റിയ ഉള്‍പ്പെടെയുള്ള കുട്ടികള്‍ കൈയില്‍ മഷി പുരട്ടി ബെഞ്ചിലും ഭിത്തിയിലും പതിപ്പിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ ശകാരിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. 

അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

5,906 അധ്യാപകരുടേത് ഉള്‍പ്പടെ 6,005 പുതിയ തസ്തികകള്‍; ശുപാര്‍ശ ധനവകുപ്പിന് കൈമാറി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ