'അന്ന് ഇംഎംഎസിന് പിഴവ് സംഭവിച്ചു; ഇന്ന് 'ബദല്‍രേഖ' നടപ്പാക്കാന്‍ പിണറായിയുടെ ശ്രമം'
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2023 09:38 AM |
Last Updated: 19th February 2023 09:40 AM | A+A A- |

ഇംഎംഎസ്, ഫയല്‍ ചിത്രം
തിരുവനന്തപുരം: എം വി ആറിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ കാരണമായ ബദല്‍ രേഖയ്ക്ക് എതിരായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ലീഗിനെ ഒപ്പം നിര്‍ത്തി ഇപ്പോള്‍ അത് നടപ്പാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫിന് 50 ശതമാനത്തിലധികം വോട്ട് വിഹിതം ലഭിക്കത്തക്കവണ്ണം മുന്നണിയെ വിപുലീകരിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കരുതലോടെ മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് പറഞ്ഞിട്ടുള്ളതായും സി പി ജോണ്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് ബിജെപിയുടെ ഭീഷണി മുന്‍കൂട്ടി കാണുന്നതില്‍ ഇംഎംഎസ് പരാജയപ്പെട്ടു. മുതിര്‍ന്ന സിപിഎം നേതാക്കളായ ജ്യോതി ബസുവിനും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനും ബിജെപിയുടെ ഭീഷണിയെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നു. നഗരകേന്ദ്രീകൃതമായ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി വളരില്ലെന്നാണ് ഇംഎംഎസ് കരുതിയിരുന്നതെന്നും സി പി ജോണ്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല ഭരണാധികാരി അല്ലെന്ന് സി പി ജോണ്‍ വിമര്‍ശിച്ചു. ശബരിമലയുടെ കാര്യത്തില്‍ അദ്ദേഹത്തിന് വലിയ തെറ്റ് സംഭവിച്ചു. ശബരിമല യുവതീപ്രവേശനം വഴി രണ്ടാം ശ്രീ നാരായണ ഗുരു ആകാനാണ് അദ്ദേഹം ശ്രമിച്ചത്. ആ തെറ്റിന് ക്ഷമ ചോദിച്ച് കോടിയേരി ബാലകൃഷ്ണനാണ് പാര്‍ട്ടിയെ രക്ഷിച്ചതെന്നും സി പി ജോണ്‍ ആരോപിച്ചു.
സിപിഎം എല്ലാക്കാലത്തും അര്‍ദ്ധ തീവ്രവാദ പാര്‍ട്ടിയാണെന്നും സി പി ജോണ്‍ വിമര്‍ശിച്ചു. കണ്ണൂര്‍ പാര്‍ട്ടി ഘടകമാണ് സിപിഎമ്മിന്റെ ശക്തി. അത് ഇപ്പോള്‍ ക്ഷയിച്ചിരിക്കുകയാണ്. സിപിഎം എക്കാലത്തും ഒരു അര്‍ദ്ധ തീവ്രവാദ പാര്‍ട്ടിയാണ്. എന്നാല്‍ അതിന് അന്ന് രാഷ്ട്രീയ മറയുണ്ടായിരുന്നു. ഇപ്പോള്‍ മൂടുപടം പൊട്ടിവീണു. സിപിഎം ഇപ്പോള്‍ ജീര്‍ണിച്ചു കൊണ്ടിരിക്കുകയാണെന്നും സി പി ജോണ്‍ വിമര്‍ശിച്ചു.
സിപിഎം ക്ഷയിക്കുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിഴവല്ല. സ്റ്റാലിനിസമാണ് ഇതിന് പ്രധാന കാരണം. ഉപകരണാധിഷ്ഠിത രാഷ്ട്രീയമാണ് എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പരാജയത്തിന് കാരണമെന്നും സി പി ജോണ്‍ കുറ്റപ്പെടുത്തി.
യുഡിഎഫിന്റെ പോരായ്മകളാണ് തുടര്‍ച്ചയായി രണ്ടാം തവണയും എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത്. ഫലം വാക്കോവറാകുമെന്ന് കരുതിയാണ് ജോസ് കെ മാണിയെ കോണ്‍ഗ്രസ് വിട്ടതെന്നും സി പി ജോണ്‍ പറഞ്ഞു.
ഭാവി മുന്നില്‍ കണ്ടുള്ള പിണറായി സര്‍ക്കാരിന്റെ പ്ലാനിങ്ങില്‍ പിഴവ് സംഭവിച്ചതായി സി പി ജോണ്‍ കുറ്റപ്പെടുത്തി. പദ്ധതി ചെലവിന്റെ ഭൂരിഭാഗവും കിഫ്ബിയിലേക്കാണ് പോകുന്നത്. കിഫ്ബി വഴിയുള്ള ചെലവഴിക്കല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി അടങ്കലില്‍ ഒരു വര്‍ധനയുമില്ല. സമാനമായ സ്ഥിതിവിശേഷമാണ് പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമത്തിന്റെ കാര്യത്തിലും. ഇതാണോ ഇടതുപക്ഷ മോഡല്‍ വികസനമെന്നും സി പി ജോണ്‍ ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'പിണറായി ശ്രമിച്ചത് രണ്ടാം ശ്രീ നാരായണ ഗുരു ആകാൻ; പാര്‍ട്ടിയെ രക്ഷിച്ചത് കോടിയേരി'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ