'ജയിലില്‍ തനിക്കൊപ്പം കഴിഞ്ഞ യുവാവിന് ജസ്‌നയെ കുറിച്ചറിയാം'; നിര്‍ണായക വെളിപ്പെടുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 09:10 AM  |  

Last Updated: 19th February 2023 09:10 AM  |   A+A-   |  

jasna james

ജസ്‌ന, ഫയല്‍ ചിത്രം

 

കോട്ടയം: ജസ്‌ന കേസില്‍ സിബിഐയ്ക്ക് ജയിലില്‍ കഴിഞ്ഞ യുവാവിന്റെ മൊഴി. ജയിലില്‍ തനിക്കൊപ്പം കഴിഞ്ഞ യുവാവിന് ജസ്‌നയെ കുറിച്ച് അറിയാമെന്നാണ് വെളിപ്പെടുത്തല്‍. പത്തനംതിട്ടയിലുള്ള യുവാവിനെപ്പറ്റിയാണ് പൂജപ്പുര ജയിലിലെ സഹതടവുകാരന്റെ മൊഴി. യുവാവിന്റെ വിലാസം അടക്കം ശരിയെന്ന് കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ സ്ഥിരീകരിച്ചു. ജയില്‍ മോചിതനായ യുവാവ് ഒളിവിലാണ്. 

2018 മാര്‍ച്ച് 20നാണ് ജസ്‌ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിച്ചത്. അന്വേഷണത്തില്‍ പുരോഗതി ഉണ്ടാവാതിരുന്നതോടെ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. എന്നിട്ടും ജസ്‌ന എവിടെയാണ് എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയുടെ ദത്ത് നടപടി നിര്‍ത്തിവെച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ