തില്ലങ്കേരിയിലേത് രക്തസാക്ഷികളുടെ പാരമ്പര്യം, പാര്‍ട്ടിയുടെ മുഖം ആകാശല്ല; തള്ളി പി ജയരാജന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2023 07:23 PM |
Last Updated: 20th February 2023 07:23 PM | A+A A- |

സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി ജയരാജൻ സംസാരിക്കുമ്പോൾ, സ്ക്രീൻഷോട്ട്
കണ്ണൂര്‍: തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശല്ലെന്നും തില്ലങ്കേരിയിലെ പാര്‍ട്ടിക്കുള്ളത് രക്തസാക്ഷികളുടെ പാരമ്പര്യമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. ജനങ്ങളെ കബളിപ്പിക്കാന്‍ വലതുപക്ഷ മാധ്യമ സുഹൃത്തുക്കള്‍ ശ്രമിക്കരുതെന്നും പി ജയരാജന്‍ പറഞ്ഞു. തില്ലങ്കേരിയിലെ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പി ജയരാജന്‍.
ഫെയ്‌സ്ബുക്ക് കുറിപ്പിലെ വിവാദ പരാമര്‍ശങ്ങളിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ആകാശ് തില്ലങ്കേരിയെ പൂര്‍ണമായി തള്ളുന്നതായിരുന്നു പി ജയരാജന്റെ പ്രസംഗം. താന്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് ആകാശ് തില്ലങ്കേരിയെ പുറത്താക്കിയത്. പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ല. ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി എന്നും തള്ളിപ്പറഞ്ഞിട്ടേയുള്ളൂ എന്നും ജയരാജന്‍ പറഞ്ഞു.
തില്ലേങ്കരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശും കൂട്ടരുമാണ് എന്നാണ് പ്രചാരണം. സിപിഎം എന്ന് പറയുന്നത് നിയതമായ സംഘടന തത്വങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഈ പാര്‍ട്ടിക്ക് ഒരു നേതൃത്വമുണ്ട്. തില്ലങ്കേരിയിലെ നേതൃത്വം എന്ന് പറയുന്നത് ജില്ലാ കമ്മിറ്റി അംഗം ടി കൃഷ്ണന്‍ അടക്കമുള്ളവരെ കൊണ്ട് സമ്പന്നമായിട്ടുള്ള രാഷ്ട്രീയ പൈതൃകമുള്ള നേതൃത്വമാണെന്നും പി ജയരാജന്‍ പറഞ്ഞു.
തില്ലങ്കേരിയിലെ പാര്‍ട്ടിക്ക് അകത്ത് കുഴപ്പമുണ്ട് എന്നാണ് പ്രചാരണം. ഇതിനെ അഭിമുഖീകരിക്കാന്‍ കഴിവുള്ള പാര്‍ട്ടിയാണ് സിപിഎം പാര്‍ട്ടി. തില്ലങ്കേരിയിലും സേലം ജയിലിലുമൊക്കെ വെടിയേറ്റ മരിച്ച രക്തസാക്ഷികളുടെ പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. കോണ്‍ഗ്രസിന്റെ ആക്രമണങ്ങളെ നേരിട്ട പാരമ്പര്യമുള്ള പാര്‍ട്ടിയാണ് തില്ലങ്കേരിയിലെ പാര്‍ട്ടി. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്റെ കിരാത വാഴ്ചയായിരുന്നു. അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് രക്തസാക്ഷികളുടെ കൊടി ഉയര്‍ത്തിയിട്ടുള്ള തില്ലങ്കേരിയിലെ പാര്‍ട്ടിയെ തകര്‍ക്കാന്‍ പൊലീസുകാരുടെ ഒറ്റുകാരായി പ്രവര്‍ത്തിച്ചവരാണ്. കോണ്‍ഗ്രസിന്റെ ഭീകരവാഴ്ചയെ നേരിട്ട പാര്‍ട്ടിയാണ് തില്ലങ്കേരിയിലെ പാര്‍ട്ടിയെന്നും ജയരാജന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ