മഞ്ജു വാര്യരുടെ വിസ്താരം തുടരും; ഇന്ന് നടക്കുക പ്രതിഭാഗം വിസ്താരം

By സമകാലികമലയാളം ഡെസ്ക്  |   Published: 22nd February 2023 08:55 AM  |  

Last Updated: 22nd February 2023 10:01 AM  |   A+A-   |  

manju_warrier

മഞ്ജു വാര്യര്‍ കോടതിയിലെത്തുന്നു/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്


 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതിഭാഗം ക്രോസ് വിസ്താരമാണ് നടക്കുക. വിസ്താരത്തിനായി ഉച്ചയ്ക്ക് 12 നാണ് മഞ്ജു വിചാരണ കോടതിയിലെത്തുക. 

പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ കൂട്ടത്തില്‍ ദിലീപിന്റെ സംഭാഷണവും ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. 

ഇതു സ്ഥിരീകരിക്കാനായാണ് മഞ്ജു വാര്യര്‍ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്താരത്തിനായി ഹാജരായത്. ശബ്ദരേഖകള്‍ ദിലീപിന്റെയും ബന്ധുക്കളുടേതുമാണെന്ന് നേരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

വിസ്താരത്തിന് ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മഞ്ജു വാര്യര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസില്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദീലീപിന്റെ ആവശ്യം.

അതേസമയം, കേസില്‍ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ച് മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം; നീതിക്കായി പോരാട്ടം തുടര്‍ന്ന് കുടുംബം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ