മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്; സമ്പന്നനായ വിദേശ മലയാളി നേടിയത് മൂന്ന് ലക്ഷം രൂപ, ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍
By സമകാലികമലയാളം ഡെസ്ക് | Published: 22nd February 2023 07:56 PM |
Last Updated: 22nd February 2023 07:58 PM | A+A A- |

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വെബ്‌സൈറ്റ്, സ്‌ക്രീന്‍ഷോട്ട്/ ഫയല്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ വന്‍ ക്രമക്കേട്. എറണാകുളം ജില്ലയിലെ വിദേശ മലയാളി മൂന്ന് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് കൈപ്പറ്റിയത്. കൊല്ലത്ത് 20 അപേക്ഷകളില്‍ 13 എണ്ണവും ഒരേ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതാണെന്ന് വിജിലന്‍സ് കണ്ടെത്തി.
സംസ്ഥാനത്തെ 14 കളക്ടറേറ്റുകളിലും ഇന്ന് വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഓപ്പറേഷന്‍ സിഎംആര്‍ഡിഎഫ് എന്ന പേരിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു.
സാമ്പത്തിക ശേഷിയുള്ള പലരും സാമ്പത്തിക ശേഷി കുറഞ്ഞവരാണ് എന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എറണാകുളം ജില്ലയിലെ സമ്പന്നനായ ഒരു വിദേശ മലയാളി ചികിത്സാ ധനസഹായമായി മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയത്. മറ്റൊരു വിദേശ മലയാളി നിയമവിരുദ്ധമായി 45,000 രൂപയും കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി.
മലപ്പുറത്തെ നിലമ്പൂരില്‍ ചികിത്സയ്ക്കായി ചെലവായ തുക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കാണിക്കാതെ തന്നെ അപേക്ഷകളിന്മേല്‍ തുക അനുവദിച്ചതായും കണ്ടെത്തി. കാസര്‍കോടും സമാനമായ രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ട്.
ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കിട്ടുന്നതിനായി പുനലൂരിലെ ഒരു ഡോക്ടര്‍ 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയത്. കൊല്ലത്ത് 20 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണവും ഒരേ ഡോക്ടര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതായും വിജിലന്‍സ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
അനധികൃത സ്വത്ത് സമ്പാദനം; സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് എതിരെ പാര്‍ട്ടി അന്വേഷണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ