'എനിക്കും കുറേ തല്ലു കിട്ടിയിട്ടുണ്ട്, ഭാവിയിൽ ​ഗുണം ചെയ്യും'; പൊലീസ് മർദനത്തിൽ കീറിയ മുണ്ടും ഷർട്ടും ധരിച്ചെത്തി, ആശ്വസിപ്പിച്ച് മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2023 08:29 AM  |  

Last Updated: 22nd February 2023 08:29 AM  |   A+A-   |  

minister v sivankutty

ശിവൻകുട്ടി/ ഫയല്‍ ചിത്രം

 

കൊച്ചി; പൊലീസ് മർദനമേറ്റ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ ആശ്വസിപ്പിച്ച് വി​ദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. മൂവാറ്റുപുഴയിൽ നടന്ന പൊതുപരിപാടിയിലാണ് സംഭവമുണ്ടായത്. കളമശേരി യൂത്ത് കോൺ​ഗ്രസ് മാർച്ചിനിടെ പൊലീസിന്റെ മർദനം ഏറ്റുവാങ്ങിയ ശേഷം കീറിയ ഷർട്ടും മുണ്ടും ധരിച്ച് പരിക്കുകളുമായി പരിപാടിക്കെത്തിയ യുവാവിനെയാണ് മന്ത്രി ആശ്വസിപ്പിച്ചത്. തനിക്കും കുറേ തല്ലു കിട്ടിയിട്ടുണ്ടെന്നും ഭാവിയിൽ ഇത് ​ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

എനിക്കും കുറേയേറെ തല്ലും അടിയും കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ പതിവാണ്. കാര്യമാക്കേണ്ട. ഭാവിയിലേക്ക് ഇത് ആവശ്യമായി വരും.- എന്നാണ് ശിവൻകുട്ടി പറഞ്ഞത്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ എൽദോ ബാബു വട്ടക്കാവന് ആയിരുന്നു മന്ത്രിയുടെ ഉപദേശം. 

മൂവാറ്റുപുഴയിലെ ​ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ ഫോക്കസ് സ്കൂൾ പദ്ധതി ഉൽഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. അപ്പോഴാണ് കീറിയ മുണ്ടും ഷർട്ടും ധരിച്ചെത്തിയ എൽദോ ബാബുവിനെ കണ്ടത്. മാർച്ചിൽ പങ്കെടുത്ത ശേഷം എൽദോ നേരെ സ്കൂളിലെ പരിപാടിക്ക് എത്തുകയായിരുന്നു. എൽദോയുടെ വേഷം ശ്രദ്ധിച്ച മന്ത്രി ചടങ്ങ് പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങിയപ്പോൾ അടുത്തുവിളിച്ച് വിവരം അന്വേഷിക്കുകയായിരുന്നു. യൂത്ത് കോൺ​ഗ്രസ് മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ ഉണ്ടായതാണ് എന്ന് പറഞ്ഞപ്പോഴായിരുന്നു മന്ത്രി ആശ്വസിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇസ്രായേലില്‍ പോയി മുങ്ങിയ കര്‍ഷകന്റെ വിസ റദ്ദാക്കുന്നതില്‍ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍; കൃഷിമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ