കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ; പിഴവ് അറിഞ്ഞത് രോഗി പറഞ്ഞപ്പോള്‍; ഗുരുതര അനാസ്ഥ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2023 04:37 PM  |  

Last Updated: 22nd February 2023 04:37 PM  |   A+A-   |  

leg_surgory

കാലുമാറി ശസ്ത്രക്രിയ ചെയ്ത കക്കോടി സ്വദേശിനി സജ്‌ന/ ടെലിവിഷന്‍ ചിത്രം

 

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അറുപതുവയസുകാരിക്ക് കാലുമാറി ശസ്ത്രക്രിയ നടത്തി. ഇടതുകാലിന് പകരം വലതുകാലിനാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. കക്കോടി സ്വദേശിനി സജ്‌നയാണ് അനാസ്ഥയ്ക്ക് ഇരയായത്. 

ഇന്നലെ നടന്ന ശസ്ത്രക്രിയയുടെ പിഴവ് ഡോക്ടര്‍ അറിയുന്നത് ശസ്ത്രക്രിയക്ക് ശേഷം രോഗി പറഞ്ഞതോടെയാണ്. ആശുപത്രിയിലെ ഓര്‍ത്തോ മേധാവി ബഹിര്‍ഷാനാണ് ശസ്ത്രക്രിയ നടത്തിയത്. 

'അനസ്‌തേഷ്യയുടെ എഫക്റ്റ് കഴിഞ്ഞ ശേഷം അമ്മയ്ക്ക് വലത്തേ കാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. എന്തുകൊണ്ടാണ് ഇതെന്ന് അമ്മ നഴ്‌സിനോട് ചോദിച്ചു. പതിയെ എഴുന്നേറ്റ് നോക്കുമ്പോഴാണ് വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായയതെന്ന്' - മകള്‍ പറഞ്ഞു. ഇക്കാര്യം ഡോക്ടറോട് ചോദിച്ചെങ്കിലും, വലതുകാലിന് ബ്ലോക്ക് ഉണ്ടെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്ന് മകള്‍ പറയുന്നു.

60കാരിക്ക് വീടീന്റെ വാതില്‍ അടഞ്ഞ് കാലിന്റ ഉപ്പൂറ്റി ഭാഗത്ത് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഈ ഡോക്ടറിനെ കാണിച്ചത്. സജ്‌ന കഴിഞ്ഞ     ഒരുവര്‍ഷമായി ഡോക്ടറുടെ ചികിത്സയിലായിരുന്നു. സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഡോക്ടറോ, ആശുപത്രി അധികൃതരോ തയ്യാറായിട്ടില്ലെന്ന് കുടുംബം പറയുന്നു. ചികിത്സാപ്പിഴവില്‍ തെറ്റ് ഏറ്റുപറയണമെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ചികിത്സയില്‍ ആയിരുന്നെന്ന് ഞങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമായിരുന്നു, കിട്ടിയിരുന്നത് നല്ല സൂചനകള്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ