മദ്യപാന വിലക്ക് നീക്കിയത് ദൗര്‍ഭാഗ്യകരം; ഖാര്‍ഗെയ്ക്ക് കത്തയച്ച് വിഎം സുധീരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th February 2023 02:11 PM |
Last Updated: 27th February 2023 02:11 PM | A+A A- |

വി എം സുധീരന്‍/ഫയല്‍ ചിത്രം
തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുള്ള മദ്യപാനവിലക്ക് നീക്കിയതിനെതിരെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് വിഎം സുധീരന്‍. പാര്‍ട്ടി പ്രാഥമിക അംഗത്വത്തിനുള്ള വ്യവസ്ഥകളില്‍ മദ്യവര്‍ജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് നല്‍കിക്കൊണ്ടുള്ള തീരുമാനം വളരെ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് കത്തില്‍ പറയുന്നു.
മദ്യവര്‍ജനവും ഖാദി പ്രസ്ഥാനവും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗവും പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുദ്രാവാക്യവും അഭിമാനകരമായ സവിശേഷതയുമായിരുന്നെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുമ്പോള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഗാന്ധിയന്‍ മൂല്യങ്ങളെയും തള്ളിപ്പറയുകയാണ്. ഇക്കാലത്ത് ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടാത്തതുകൊണ്ടാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്ന വാദം ന്യായീകരിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.
മദ്യ ഉപയോഗം വലിയൊരു പൊതുജനാരോഗ്യ വിഷയവും സാമൂഹ്യപ്രശ്നവുമായി ഉയര്‍ന്നുവരുന്ന കാലത്താണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നതെന്നതും ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. പ്ലീനറി സമ്മേളനത്തില്‍ ഉണ്ടായിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ മദ്യവില്‍പനയെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറയുന്നു.
പാര്‍ട്ടി അഭിമാനപൂര്‍വം കാലങ്ങളായി ഉയര്‍ത്തിപ്പിടിക്കുകയും പിന്തുടര്‍ന്നുവരുകയും ചെയ്യുന്ന പരമ്പരാഗത മൂല്യങ്ങള്‍ക്കും പെരുമാറ്റച്ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് ഇത്തരമൊരു തീരുമാനം. ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. വിഷയത്തില്‍ ഇടപെട്ട് തീരുമാനം പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി അധ്യക്ഷനുള്ള കത്തില്‍ സുധീരന്‍ ആവശ്യപ്പെടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ