'പഴയ വിജയനെങ്കില്‍ അപ്പോള്‍ത്തന്നെ മറുപടി'യെന്ന് മുഖ്യമന്ത്രി; രണ്ടു വിജയനേയും പേടിയില്ലെന്ന് വിഡി സതീശന്‍; സഭയില്‍ വാക്‌പോര്

കറുപ്പിനെ വിലക്കി എന്നത് മാധ്യമസൃഷ്ടിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി
പിണറായി വിജയന്‍, വി ഡി സതീശന്‍/ സഭ ടിവി
പിണറായി വിജയന്‍, വി ഡി സതീശന്‍/ സഭ ടിവി
Updated on
2 min read

തിരുവനന്തപുരം: വാഹനവ്യൂഹവും സുരക്ഷയും തന്റെ ദൗര്‍ബല്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താനിരിക്കുന്ന സ്ഥാനത്ത് മറ്റൊരാള്‍ ഇരുന്നാലും ഉണ്ടാകുന്ന കാര്യമായി മാത്രം കണ്ടാല്‍ മതി. അത് പ്രത്യേകമായി എന്റെയൊരു ദൗര്‍ബല്യമായി കാണേണ്ടതില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞു മുഖ്യമന്ത്രി വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരും, വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റില്ലെന്ന്.  പഴയ വിജയനാണെങ്കില്‍ പണ്ടേ അതിന് മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ആ മറുപടിയല്ല ഇപ്പോള്‍ ആവശ്യം. സാധാരണ നിലയില്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നവരോട് പ്രതിഷേധമുണ്ടാകും. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു എന്നും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊന്നുമില്ലാത്ത കാലത്ത്, നിങ്ങള്‍ സര്‍വസജ്ജമായി നിന്ന കാലത്ത് ഞാന്‍ ഒറ്റത്തടിയായിട്ട് നടന്നല്ലോയെന്നും പിണറായി പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറക്കില്ല എന്നു പറഞ്ഞ കാലത്തും ഞാന്‍ പുറത്തിറങ്ങിയിരുന്നു. വിശിഷ്ട വ്യക്തികള്‍, അതിവിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ക്കൊക്കെ സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ചാണ്. 

സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട അധികാരികള്‍ ഉള്‍ക്കൊള്ളുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ്. ഓരോ ആറുമാസം കൂടുമ്പോഴും കമ്മിറ്റി യോഗം ചേര്‍ന്ന് അവലോകനവും പുനഃപരിശോധനയും നടത്തുന്നു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷയാണ് നല്‍കി വരുന്നത്. ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവര്‍ണര്‍ക്കും വയനാട്ടിലെ എംപിയായ രാഹുല്‍ഗാന്ധിക്കും ഒരുക്കിയിട്ടുള്ളത്. സെഡ് പ്ലസ് പ്രകാരമുള്ള സാധാരണ സുരക്ഷ മാത്രമേ മുഖ്യമന്ത്രിക്കും നല്‍കിയിട്ടുള്ളൂ. മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

കറുപ്പിനെ വിലക്കി എന്നത് മാധ്യമസൃഷ്ടി- മുഖ്യമന്ത്രി

കറുപ്പിനെ വിലക്കി എന്നത് മാധ്യമസൃഷ്ടിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണമെന്ന് ചില മാധ്യമങ്ങള്‍ക്കുണ്ട്. അതിന്റെ ഭാഗമായി അവര്‍ പടച്ചുവിടുന്നതാണ് ഇത്തരം വാര്‍ത്തകള്‍. നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലും കുപ്രചരണം നടത്തുന്നു. കൂത്തുപറമ്പിലെ വെടിവെയ്പ് മുഖ്യമന്ത്രി സഭയില്‍ ഉന്നയിച്ചു. ജനകീയ പ്രക്ഷോഭങ്ങള്‍ ചിലഘട്ടങ്ങളില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്നേക്കാം. അതു സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുമുണ്ട്. എന്നാല്‍ അത്തരത്തിലൊരു ജനകീയ പ്രക്ഷോഭമാണോ ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാഷ്ട്രീയമായ കാര്യങ്ങള്‍ വെച്ചുകൊണ്ട് എന്തിനേയും എതിര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. 

'സ്റ്റാലിന്റെ റഷ്യയല്ലെ'ന്ന് വിഡി സതീശന്‍

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇത് ജനാധിപത്യ കേരളമാണ്. ഇവിടെ ജനാധിപത്യ രീതിയിലുള്ള ഒരുപാട് സമരങ്ങളുണ്ടാകും. നികുതി പിരിവിലെ കെടുകാര്യസ്ഥത കൊണ്ട് പതിനായിരക്കണക്കിന് കോടി രൂപ പിരിക്കാന്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ തെറ്റുകള്‍ മറയ്ക്കാന്‍ സാധാരണക്കാരന്റെ തലയില്‍ നികുതിഭാരം കെട്ടിവെക്കാന്‍ ശ്രമിച്ചതിനെയാണ് പ്രതിപക്ഷം എതിര്‍ത്തതെന്ന് വിഡി സതീശന്‍ പറഞ്ഞു. സമരത്തെ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

'പഴയ വിജയേനേയും പുതിയ വിജയനേയും പേടിയില്ല'

മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ നാട്ടിലാര്‍ക്കും റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. അതുകൊണ്ടാണ് മുഖ്യമന്ത്രി വീട്ടിലിരിക്കാന്‍ പറഞ്ഞത്. പഴയ വിജയനാണെങ്കില്‍ മറുപടി പറഞ്ഞേനെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പഴയ വിജയേനേയും പേടിയില്ല, പുതിയ വിജയനേയും പ്രതിപക്ഷത്തിന് പേടിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. നിങ്ങളെയൊന്നും ഭയന്നല്ല ഞങ്ങള്‍ കഴിഞ്ഞത്. ഇന്ധന സെസ് കേന്ദ്രസര്‍ക്കാര്‍ കൂട്ടിയപ്പോള്‍ യുഡിഎഫും കോണ്‍ഗ്രസും സമരം ചെയ്തു. കോവിഡ് കാലത്ത് അകലം പാലിച്ചാണ് സമരം നടത്തിയത്. ഇന്ന് മൂറുകണക്കിന് കേസുകളാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ എടുത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com