പ്രതിപക്ഷത്തിന്റേത് ജനപിന്തുണയില്ലാത്ത സമരം; ഓടുന്ന വാഹനത്തിന് മുന്നിലേക്ക് ചാടി അപകടമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം : മുഖ്യമന്ത്രി

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി,  വികസന പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍ ഇവയെല്ലാം തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്
മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ കാരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണ്. മിതമായ വര്‍ധനവാണ് നടപ്പിലാക്കിയിട്ടുള്ളത്. രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ 13 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ സെസും നികുതിയും വര്‍ധിപ്പിച്ചു. സെസ് വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് ലഭിക്കില്ല. 

ഇതിനെതിരെ ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നവര്‍ ഒരു തരത്തിലുള്ള പ്രക്ഷോഭവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപി കേന്ദ്രത്തില്‍ അവര്‍ നയിക്കുന്ന സര്‍ക്കാരായതിനാല്‍, സ്വാഭാവികമായും പ്രതിഷേധം നടത്താതിരിക്കും. എന്നാല്‍ യുഡിഎഫും കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന നിലപാടിനെതിരെ ഒരു പ്രതിഷേധവും ഉയര്‍ത്തിയില്ല. 

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, വികസന പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍ ഇവയെല്ലാം തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.  ജിഎസ്ടി നിലവില്‍ വന്നതോടെ സംസ്ഥാനത്ത് വിഭവസമാഹരണത്തിനുള്ള സാധ്യത വളരെ പരിമിതമാണ്. കടമെടുക്കാനുള്ള സംസ്ഥാന്തതിന്റെ അവകാശവും കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇത്തരം കാര്യങ്ങളാണ് വിഭസമാഹരണത്തിന് വഴി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നത്. 

ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്കാകെ ബോധ്യമുള്ളതാണ്. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പൊലീസ് അതിക്രമം കാട്ടിയെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഫെബ്രുവരി 21 ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോള്‍, കല്ലും വടിയും ഉപയോഗിച്ച് പ്രതിഷേധക്കാര്‍ പൊലീസിനെ ആക്രമിക്കുകയിരുന്നു. 

ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് മാര്‍ഗതടസ്സമുണ്ടാക്കുകയും ചെയ്തു. അവിടെ ക്രമസമാധാനപ്രശ്‌നമുണ്ടാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആറ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും മുഖ്യമന്ത്രി പറഞ്ഞു. ആറു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച സമയത്ത് ഷാഫി പറമ്പിലും ഡിസിസി പ്രസിഡന്റും പൊലീസ് സ്റ്റേഷനലില്‍ തള്ളിക്കയറാനും കൃത്യനിര്‍വഹണവും തടസ്സപ്പെടുത്താനും ശ്രമിച്ചു. ഇതിനെതിരെ കേസെടുത്തിട്ടുണ്ട്. 

കളമശ്ശേരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയ ഒരു യുവതി ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി ആപത്തു വരാതിരിക്കാനുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് ചാടി അപകടമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണോ യുഡിഎഫും ബിജെപിയും നടത്തുന്നതെന്ന് സംശയിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ അനിവാര്യമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. അതിനാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com