ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2023 05:43 PM |
Last Updated: 28th February 2023 05:57 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. മറ്റന്നാള്‍ കേസില്‍ വിധി പറയും. ശിവശങ്കരന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി കോടതിയില്‍ അറിയിച്ചു.
ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടന്നും ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും, പലഘട്ടങ്ങളിലും ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും ഇഡി അറിയിച്ചു.
ശിവശങ്കറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇഡിയുടെ ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം.
ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസില്‍ ഇഡി ശിവശങ്കറെ പ്രതി ചേര്‍ക്കാന്‍ കാരണമായത്. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ച പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്.
കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്നു നിര്‍മാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചിയില്‍ ജലവിതരണ പൈപ്പ് പൊട്ടി, റോഡ് പുഴയായി; ഗതാഗതം തടസ്സപ്പെട്ടു, രണ്ടുദിവസം വെള്ളം മുടങ്ങും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ