കുട്ടികള്‍ വേണമെന്നത് പൗരന്റെ മൗലിക അവകാശം; കൃത്രിമ ഗര്‍ഭധാരണത്തിനുള്ള പ്രായപരിധി പുനപ്പരിശോധിക്കണം: ഹൈക്കോടതി

കുഞ്ഞിനു ജന്മം നല്‍കുന്നതും കുടുംബം രൂപപ്പെടുത്തുന്നതും മൗലിക അവകാശത്തിന്റെ ഭാഗമാണെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് വിജി അരുണിന്റെ വിധി
ഹൈക്കോടതി
ഹൈക്കോടതി

കൊച്ചി: കൃത്രിമ ഗര്‍ഭധാരണ സേവനങ്ങള്‍ തേടാന്‍ ദമ്പതികള്‍ക്കു പ്രായപരിധി ഏര്‍പ്പെടുത്തിയ വ്യവസ്ഥ പുനഃപരിശോധിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം. കുഞ്ഞിനു ജന്മം നല്‍കുന്നതും കുടുംബം രൂപപ്പെടുത്തുന്നതും മൗലിക അവകാശത്തിന്റെ ഭാഗമാണെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് വിജി അരുണിന്റെ വിധി.. കൃത്രിമ ഗര്‍ഭധാരണത്തിന് ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തുന്നത് ഈ അവകാശം പരിമിതപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. 

2022 ലെ കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക നിയന്ത്രണ നിയമപ്രകാരം ദമ്പതികളില്‍ പുരുഷന്‍മാര്‍ക്ക് 55 വയസ്സും സ്ത്രീകള്‍ക്ക് 50 വയസ്സുമാണു പ്രായപരിധി. ദമ്പതികളില്‍ ഒരാള്‍ ഈ പ്രായം കടന്നാല്‍ സേവനം ലഭിക്കില്ല. ഇതു വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് ആരോപിച്ചുള്ള മുപ്പതോളം ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 

നിയമം പ്രാബല്യത്തില്‍ വന്ന 2022 ജനുവരിക്കു മുന്‍പു ചികിത്സ തുടങ്ങിയവര്‍ക്കു പ്രായപരിധി തടസ്സമാകാതെ അതു തുടരാന്‍ അവസരം നിഷേധിച്ചതു യുക്തിരഹിതവും അന്യായവുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. കുഞ്ഞിനു ജന്മം നല്‍കാനുള്ള സ്വാതന്ത്ര്യത്തിന്റെ നിഷേധമാണിതെന്നു പറഞ്ഞ കോടതി, ഹര്‍ജിക്കാരില്‍ ഈ ഗണത്തില്‍പ്പെട്ടവര്‍ക്കു ചികിത്സ തുടരാന്‍ അനുമതി നല്‍കി.

കൃത്രിമ ഗര്‍ഭധാരണ ക്ലിനിക്കുകളെയും ബാങ്കുകളെയും നിയന്ത്രിക്കാനും ദുരുപയോഗം തടയാനും ഉദ്ദേശിച്ചാണു നിയമം കൊണ്ടുവന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com