കാട്ടാന സാന്നിധ്യം; ബത്തേരിയിലെ പത്തുവാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2023 01:50 PM  |  

Last Updated: 06th January 2023 01:50 PM  |   A+A-   |  

school

പ്രതീകാത്മക ചിത്രം

 

ബത്തേരി: കാട്ടാന സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് ബത്തേരി നഗരസഭയിലെ പത്തുവാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. നേരത്തെ ടൗണില്‍ കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തില്‍ ഈ വാര്‍ഡുകളില്‍ സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

കാട്ടാന ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നഗരസഭയിലെ പത്തുവാര്‍ഡുകളില്‍ സബ് കലക്ടര്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

ഇന്ന് പുലര്‍ച്ചെ ബത്തേരി നഗരമധ്യത്തില്‍ ഇറങ്ങിയ കാട്ടാന ഭീതി പരത്തിയിരുന്നു. കാട്ടാന ആക്രമണത്തില്‍ നിന്നു വഴിയാത്രക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തമ്പിയെ കാട്ടാന തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു. വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി രക്ഷയായി. കൈവരി തടസ്സമായി നിന്നത് കൊണ്ട് കാട്ടാനയുടെ തുടര്‍ന്നുള്ള ആക്രമണത്തില്‍ നിന്ന് തമ്പി രക്ഷപ്പെടുകയായിരുന്നു. നിസാര പരിക്കേറ്റ തമ്പിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലെത്തിയത്. മെയിന്‍ റോഡിലൂടെ ഓടിനടന്ന കാട്ടാന കെഎസ്ആര്‍ടിസി ബസിനു പിന്നാലെയും പാഞ്ഞടുത്തു.

ഒരുമണിക്കൂറോളം കടകള്‍ക്കും ഹോട്ടലുകള്‍ക്കുമിടയിലൂടെ ഓടിനടന്ന കാട്ടാന നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഭീതിയിലാഴ്ത്തി. നഗരസഭാ ഓഫിസിനു മുന്നിലും കാട്ടാന ഓടിനടന്നു. കാട്ടാന ഇപ്പോള്‍ വനത്തോടു ചേര്‍ന്നു മുള്ളന്‍കുന്ന് ഭാഗത്തുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടില്‍നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ട കൊലയാളി ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ ഉച്ച മുതല്‍ കാട്ടാന കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്നു. വൈകീട്ട് കാട്ടിലേക്കു പോയിക്കാണുമെന്ന നിഗമനത്തിലായിരുന്നു വനപാലകര്‍. അതിനിടെയാണ് വീണ്ടും ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാട്ടാന സാന്നിധ്യം: ബത്തേരി നഗരസഭയിലെ പത്തു വാര്‍ഡുകളില്‍ നിരോധനാജ്ഞ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ