തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് വിനോദ നികുതി കുറയ്ക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഇരുപത്തിനാല് ശതമാനം വരെ നികുതി ഈടാക്കാമായിരുന്നെങ്കിലും പന്ത്രണ്ടുശതമാനമായി നിശ്ചയിച്ചു. സ്‌റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും മറ്റും സര്‍ക്കാരും പണംചെലവാക്കുന്നുണ്ട്. സ്‌റ്റേഡിയം വൃത്തിയാക്കുന്ന തിരുവനന്തപുരം കോര്‍പറേഷനും ഏറെ ചെലവുകളുണ്ട്. കെസിഎയാണ് ടിക്കറ്റ് നിരക്ക് കുറയക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കളികണേണ്ടെന്ന പ്രസ്താവനയില്‍ ഇടത് മുന്നണിക്കുള്ളിലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് നിലപാട് ആവര്‍ത്തിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയത്.
മന്ത്രിയെ ഒരുമണിക്കൂര്‍പോലും മന്ത്രിസഭയില്‍ വെച്ചുകൊണ്ടിരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി ആവശ്യപ്പെട്ടു. വിനോദനികുതി പന്ത്രണ്ടു ശതമാനമാക്കി ഉയര്‍ത്തിയതിനാല്‍ 1000 രൂപയുടെ ടിക്കറ്റിന് ജിഎസ്ടി. ഉള്‍പ്പടെ 1476 രൂപ നല്‍കണം. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമാണോ ഇങ്ങനെ സംസാരിക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. പണമുള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. .
അബ്ദുറഹിമാന്റെ പ്രസ്താവനയ്ക്ക് എതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തി. ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ
ടിക്കറ്റ് നികുതി വര്‍ദ്ധനവിനെ കുറിച്ചുള്ള സ്‌പോര്‍ട്‌സ് മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ല. കേരളത്തില്‍ നടക്കുന്ന ഒരു മത്സരം കാണുവാനുള്ള ആഗ്രഹം പാവപ്പെട്ടവര്‍ക്കുമുണ്ടല്ലോ. അവര്‍ പട്ടിണി കിടന്നാലും കളിയോടുള്ള കൂറൂകൊണ്ടാണ് കളി കാണാനെത്തുന്നത്. പാവപ്പെട്ടവര്‍ക്കും മറ്റെല്ലാ ജനവിഭാഗങള്‍ക്കും കളി കാണാന്‍ പരമാവധി സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്വം കേരളത്തിലെ സര്‍ക്കാറിനുമുണ്ട് എന്നകാര്യം വിസ്മരിക്കുന്നത് നീതീകരിക്കാവുന്നതല്ല.-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates