ലഹരിക്കടത്ത് : സിപിഎം നേതാവ് ഷാനവാസിനെ പൊലീസ് ചോദ്യം ചെയ്തു; വാടകക്കരാറില്‍ അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2023 07:25 AM  |  

Last Updated: 11th January 2023 07:25 AM  |   A+A-   |  

shanavas

ഷാനവാസ് / ടിവി ദൃശ്യം

 

ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ ഒരു കോടിയുടെ നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ച സംഭവത്തില്‍, ലോറി ഉടമയായ സിപിഎം നഗരസഭ കൗണ്‍സിലര്‍ എ ഷാനവാസിനെ പൊലീസ് ചോദ്യം ചെയ്തു. കരുനാഗപ്പള്ളി പൊലീസാണ് ആലപ്പുഴയിലെത്തി ഷാനവാസിനെ ചോദ്യം ചെയ്തത്. ലഹരി വസ്തുക്കളുമായി പിടിയിലായ മറ്റൊരു ലോറിയുടെ ഉടമ അന്‍സാറിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. 

ലോറി കട്ടപ്പന സ്വദേശി ജയന്‍ എന്നയാള്‍ക്ക് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസ് വ്യക്തമാക്കിയത്. എന്നാല്‍ വാടക കരാറിലുള്ള ജയനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഷാനവാസ് നല്‍കിയ വാടകക്കരാറിന്റെ ആധികാരികതയും പൊലീസ് പരിശോധിച്ചു വരികയാണ്. 

കേസില്‍ ലോറി ഉടമകളെ ഇതുവരെ പ്രതിയാക്കിയിട്ടില്ല. ആരോപണ വിധേയനായ ഷാനവാസിനെ ഇന്നലെ സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഷാനവാസിനെതിരായ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെയും പാര്‍ട്ടി നിയോഗിച്ചു. ലോറി വാങ്ങിയത് പാര്‍ട്ടിയെ അറിയിച്ചില്ല. ലോറി വാടകയ്ക്ക് നല്‍കിയപ്പോള്‍ ഷാനവാസ് ജാഗ്രത പാലിച്ചില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

കേസില്‍ പിടിയിലായ മുഖ്യപ്രതി, സിപിഎം ആലപ്പുഴ സീ വ്യൂ വാര്‍ഡ് ബ്രാഞ്ച് കമ്മിറ്റി അംഗമായ ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിവൈഎഫ്‌ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ് മൂന്നാം പ്രതിയായ സജാദ്. ഇയാള്‍ക്കെതിരായ നടപടി ആ സംഘടന തീരുമാനിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. 

കഴിഞ്ഞദിവസമാണ് പച്ചക്കറികള്‍ക്കൊപ്പം ലോറികളില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ടു ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ എന്‍ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കള്‍ കടത്തിന് പിന്നിലെന്ന്  പൊലീസ് കണ്ടെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വൈദ്യുതി നിരക്ക് ഇനി മാസം തോറും മാറും; പുതിയ ചട്ടം കേരളത്തിലും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ