സ്വയം തീരുമാനിക്കാനാണെങ്കില്‍ പിന്നെ പാര്‍ട്ടി കമ്മിറ്റി എന്തിന്?; നേതാക്കളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വെച്ചു പൊറുപ്പിക്കില്ല: കെ സുധാകരന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
കെ സുധാകരന്‍ / ഫയല്‍
കെ സുധാകരന്‍ / ഫയല്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നേതാക്കള്‍ സ്ഥാനാര്‍ഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പരസ്യ പ്രസ്താവനകള്‍ അനുവദിക്കില്ലെന്നും കെ സുധാകരന്‍ നിര്‍വാഹക സമിതി യോഗത്തില്‍ വ്യക്തമാക്കി. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഏതു സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും പ്രവര്‍ത്തനമേഖല എവിടെയാണെന്നും നേതാക്കള്‍ പറയുന്നത് ശരിയല്ല. പാര്‍ട്ടി കൂട്ടായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്.

വ്യക്തികള്‍ സ്വയം തീരുമാനിച്ച് പ്രവര്‍ത്തിക്കാനാണെങ്കില്‍ പാര്‍ട്ടി കമ്മിറ്റികളുടെ ആവശ്യമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അതു വ്യക്തമാക്കുന്നതില്‍ തടസ്സമില്ല. സംഘടനാ കാര്യങ്ങളില്‍ നേതാക്കള്‍ സ്വയം തീരുമാനമെടുക്കുന്നത് ദോഷം ചെയ്യുമെന്നും പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി. 

എംപിയാകാനില്ലെന്നും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും ചില നേതാക്കള്‍ പരസ്യമായി പ്രതികരിച്ചതോടെയാണ് നേതൃത്വം ഇടപെട്ടത്. സംസ്ഥാനത്ത് സജീവമാകാനാണ് താല്‍പര്യമെന്ന് ശശി തരൂര്‍ എംപി സൂചന നല്‍കിയിരുന്നു. നിയമസഭയിലേക്കു മത്സരിക്കാനാണ് താല്‍പര്യമെന്ന് ടിഎന്‍ പ്രതാപന്‍ എംപിയും വ്യക്തമാക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നുതന്നെ മത്സരിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com