മദ്യത്തില്‍ കീടനാശിനി കുത്തിവെച്ചു, യുവാവ് മരിച്ചത് കൊലപാതകം; ബന്ധു അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 13th January 2023 05:12 PM |
Last Updated: 13th January 2023 05:17 PM | A+A A- |

മരിച്ച കുഞ്ഞുമോൻ
തൊടുപുഴ: വഴിയില്‍ നിന്ന് വീണുകിട്ടിയതെന്ന് പറഞ്ഞ് നല്‍കിയ മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിറിഞ്ച് ഉപയോഗിച്ച് കീടനാശിനി മദ്യക്കുപ്പിയില്‍ ഒഴിച്ചാണ് സുധീഷ് കൊല നടത്തിയതെന്നും പൊലീസ് പറയുന്നു.
ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്‌സരകുന്നില്‍ നിന്നും വീണു കിട്ടിയ മദ്യം എന്ന് പറഞ്ഞ് സുധീഷ് നല്‍കിയ മദ്യം അനില്‍ കുമാര്‍ , കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും. അവശനിലയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അനില്‍ കുമാറും മനോജും പിന്നീട് അപകടനില തരണം ചെയ്‌തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന കുഞ്ഞുമോന് കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നു.
കുഞ്ഞുമോന്റെ സുഹൃത്ത് മനോജിനെ കൊലപ്പെടുത്താനായിരുന്നു സുധീഷിന്റെ ശ്രമമെന്നും പൊലീസ് പറയുന്നു. സുധീഷിന് മനോജിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. മദ്യം കഴിച്ചശേഷം ഛര്‍ദ്ദി അനുഭവപ്പെട്ട മൂവരും ചികിത്സ തേടുകയായിരുന്നു എന്നാണ് പൊലീസിന് നല്‍കിയ മൊഴി. അടിമാലി അഫ്‌സര കുന്ന് സ്വദേശികളാണ് മൂന്ന് പേരും.
ഭക്ഷ്യവിഷബാധയല്ലെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ, സുധീഷിനെ തുടര്‍ച്ചയായി ചോദ്യം ചെയ്ത്‌പ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. വഴിയില്‍ കിടന്ന് ലഭിച്ച മദ്യം എന്ന് പറഞ്ഞ് സുധീഷാണ് നല്‍കിയതെന്ന് ചികിത്സയിലുള്ളവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സുധീഷിലേക്ക് എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ