വിദ്യാര്‍ത്ഥി സമരം; കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 21വരെ തുറക്കില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2023 09:21 PM  |  

Last Updated: 15th January 2023 09:21 PM  |   A+A-   |  

kr_narayanan_institute_strike

വിദ്യാര്‍ത്ഥി സമരത്തില്‍ നിന്ന്‌


കോട്ടയം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഈമാസം 21 വരെ അടച്ചിടാന്‍ തീരുമാനം. അടച്ചിട്ട സ്ഥാപനം നാളെ തുറക്കാനിരിക്കെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജാതി വിവേചനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്നാണ് സ്ഥാപനം അടച്ചിട്ടത്. 

വിദ്യാര്‍ത്ഥികളുടെ പരാതിയെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മീഷനെ നിയമിച്ചിരുന്നു. ഡയറക്ടര്‍ ശങ്കരനാരായണന്‍ വിദ്യാര്‍ത്ഥികളോട് ജാതി വിവേചനം കാണിക്കുന്നെന്നും ജാതിയധിക്ഷേപം നടത്തിയെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിവിവേചനം നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് ഒരു സ്ഥാനവും ഇല്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തികഞ്ഞ പ്രൊഫഷണലായ വ്യക്തിയാണ്.പ്രൊഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാര്‍ത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാനാകും?. തികച്ചും തെറ്റായ ആരോപണമാണിത്. എസ് സി എസ് ടി കമ്മീഷന്‍ പരിശോധിച്ച്, ആരോപണം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് അടൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ആഷിഖ് അബുവും രാജീവ് രവിയും നടത്തിയ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു.

അവര്‍ പ്രശസ്തിക്ക് വേണ്ടിയാണ് എന്നെ വിമര്‍ശിക്കുന്നത്.അവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് ഒന്നുമറിയില്ല, അവര്‍ മോഹങ്ങള്‍ പ്രകടിപ്പിക്കുന്നു. തികച്ചും നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അടൂര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  ആഷിഖ് അബുവില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത്?; പ്രസ്താവന പ്രശസ്തിക്ക് വേണ്ടി : അടൂര്‍ ഗോപാലകൃഷ്ണന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ