'കളി നടന്നത് ഒഴിഞ്ഞ ഗാലറിക്ക് മുന്നില്‍; മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്'
By സമകാലിക മലയാളം ഡെസ്ക് | Published: 15th January 2023 08:59 PM |
Last Updated: 15th January 2023 08:59 PM | A+A A- |

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം/ ട്വിറ്റര്‍
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന് കാണികള്‍ ഗണ്യമായി കുറഞ്ഞതിന് പിന്നാലെ കായിക മന്ത്രി വി അബ്ദുറഹിമാന് എതിരെ രൂക്ഷ വിമര്‍ശനം. മന്ത്രി വി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
'പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരണ്ടെന്ന് കായികമന്ത്രി. ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ഗ്രീന്‍ ഫീല്‍ഡില്‍ സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്ലിക്കും അഭിനന്ദനങ്ങള്‍' വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മന്ത്രിക്കെതിരെ കെസിഎയും രംഗത്തെത്തിയിരുന്നു. മത്സരം കാണാന്‍ ആളുകള്‍ കുറഞ്ഞത് കാരണം സ്‌പോണ്‍സര്‍മാര്‍ നിരാശരാണെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. കായിക മന്ത്രി വി അബ്ദുറഹിമാനുമായി ചര്‍ച്ച ചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. എന്നാല്‍ നിരക്കുകളെക്കുറിച്ച് മന്ത്രി നടത്തിയ പ്രസ്താവന തിരിച്ചടിയായി. കെസിഎയെക്കുറിച്ച് മന്ത്രി പഠിച്ചിട്ടില്ലെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു
മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാനും ഇടയുണ്ട്. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്രമിച്ചിരിക്കാമെന്നും ജയേഷ് തിരുവനന്തപുരത്ത് പറഞ്ഞു. മത്സരത്തിന്റെ വിനോദ നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. പട്ടിണി കിടക്കുന്നവന്‍ ക്രിക്കറ്റ് കളി കാണാന്‍ വരേണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഈ വാര്‍ത്ത കൂടി വായിക്കൂ തീപാറുന്ന ബൗളിങ്ങുമായി മുഹമ്മദ് സിറാജ്, പരമ്പര തൂത്തുവാരി ഇന്ത്യ; 317 റണ്‍സ് ജയം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ